പൂച്ചയുടെ വൈറസ് രോഗത്തിനുള്ള മരുന്ന് മനുഷ്യരിലെ കോവിഡ് ചികിത്സയ്ക്കും

പൂച്ചകൾക്കുള്ള മരുന്ന് കോവിഡ് ചികിത്സയ്ക്കും. പൂച്ചകളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗം ഭേദമാക്കാൻ ഉപയോഗിക്കുന്ന മരുന്ന് കോവിഡ് ചികിത്സയ്ക്കും ഫലപ്രദമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നത്. ശരീരത്തിലെ ചില പ്രോട്ടീസ് തന്മാത്രകളെ തടയാൻ മരുന്നിന് സാധിക്കും. 2002-03 കാലയളവിൽ പടർന്നുപിടിച്ച സാർസ് രോഗത്തിനു പിന്നാലെയാണ് ഈ മരുന്നിനെക്കുറിച്ച് ആദ്യം ഗവേഷണം ആരംഭിച്ചത്. പിന്നാലെ, വെറ്ററിനറി ഗവേഷകർ ഇതു പൂച്ചകളിൽ പടരുന്ന രോഗം ഭേദമാക്കുമെന്ന് കണ്ടെത്തി.

നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടുപ്രകാരം, കോവിഡ് പരത്തുന്ന സാർസ് കോവ്–2 വൈറസ് മനുഷ്യകോശങ്ങളിൽ ഇരട്ടിക്കുന്നതു തടയാൻ ഈ മരുന്നു ഫലപ്രദമാണെന്നാണു കണ്ടെത്തൽ. കോവിഡ് ചികിത്സയ്ക്കായി മനുഷ്യശരീരത്തിൽ ഈ മരുന്ന് ഉപയോഗിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ആൽബർട്ട സർവകലാശാലയിലെ ബയോകെമിസ്ട്രി പ്രഫസർ ജൊവാൻ ലെമ്യൂക്സ് പറഞ്ഞു. സാധാരണഗതിയിൽ ക്ലിനിക്കൽ ടെസ്റ്റ് നടത്തുന്നതിന് ആദ്യം ലാബുകളിലും പിന്നീട് മൃഗങ്ങളിലും പരീക്ഷിക്കണം. എന്നാൽ ഈ കടമ്പകൾ നേരത്തെ തന്നെ കടന്നതിനാൽ നേരിട്ട് ക്ലിനിക്കൽ ട്രയലിലേക്ക് പോകാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മരുന്ന് മനുഷ്യരിൽ ഉപയോഗിക്കുന്നതിനുള്ള തിരുത്തലുകൾ വരുത്തുകയാണെന്നും ക്ലിനിക്കൽ ട്രയൽ ഉടൻ നടത്തുമെന്നും ലെമ്യൂക്സ് പറഞ്ഞു.

അതേസമയം കോവിഡ് വാക്‌സീന്‍ നിര്‍മാണത്തിന് ഇന്ത്യന്‍ കമ്പനിയുമായി കൈകോര്‍ത്തു യുഎസിലെ ബെയ്‌ലര്‍ കോളജ് ഓഫ് മെഡിസിന്‍ (ബിസിഎം). കൂടുതല്‍ സുരക്ഷിതവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ വാക്‌സീന്‍ വികസിപ്പിക്കാൻ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍ ഇ ലിമിറ്റഡുമായാണ് (ബിഇ) ബിസിഎം ലൈസന്‍സിങ് കരാറില്‍ എത്തിയിരിക്കുന്നത്. സാര്‍സ്, മെര്‍സ് എന്നിവയ്ക്കുള്ള വാക്‌സീനുകള്‍ ബിസിഎം നിര്‍മിക്കുന്നുണ്ട്. പരീക്ഷണം ഇന്ത്യയില്‍ നടന്നുവരികയാണെന്നും അടുത്ത വര്‍ഷത്തോടെ വാക്സീൻ വിപണിയില്‍ എത്തിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ബിസിഎം അധികൃതര്‍ പറഞ്ഞു. വാക്‌സീന്‍ വിജയകരമായാല്‍ ലക്ഷക്കണക്കിനു ഡോസ് കുറഞ്ഞ ചെലവില്‍ ഇന്ത്യയിൽ നൽകാൻ കഴിയുമെന്നാണു ബിഇ വിലയിരുത്തുന്നത്.

ബെയ്‌‍ലര്‍ വികസിപ്പിച്ച റീകോമ്പിനന്റ് പ്രോട്ടീന്‍ വാക്‌സീന്റെ നിര്‍മാണത്തിനു വേണ്ടിയാണു ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഇയ്ക്കു ലൈസന്‍സ് നല്‍കിയിരിക്കുന്നത്. വാക്‌സീന്റെ തുടര്‍ന്നുള്ള പരീക്ഷണങ്ങളും വാണിജ്യപരമായ കാര്യങ്ങളും ബിഇ ആയിരിക്കും ഏകോപിപ്പിക്കുക.