അമ്പതു ദിവസത്തിനുളളില്‍ മരക്കാർ ഒടിടിയില്‍ റിലീസ് ചെയ്യും- ആന്റണി പെരുമ്പാവൂർ

മോഹൻലാലിന്റെ ഏറ്റവും പുതിയ ചത്രം മരക്കാർ തീയേറ്റര്‍ റിലീസിനുശേഷം അമ്പതു ദിവസത്തിനുളളില്‍ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനമുണ്ടെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. അതിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. .’മരക്കാര്‍ സിനിമ തിയേറ്ററില്‍ കാണുക എന്ന് പറയുന്നത് മലയാളികളുടെ ഏറ്റവും വലിയ ആഗ്രഹവും ആവേശവുമാണ്. തീര്‍ച്ചയായും കാണികളില്‍ നിന്ന് ആ പിന്തുണയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ചിത്രം കൂടുതല്‍ കാണികളിലേക്കെത്താന്‍ തിയേറ്റര്‍ റിലീസിന് ശേഷം അമ്പത് ദിവസത്തിന് മുന്‍പ് തന്നെ ഒടിടിയില്‍ റിലീസ് ചെയ്യും. അതിനായി ചര്‍ച്ചകള്‍ നടത്തി വരികയാണ്’ ആന്റണി പെരൂമ്പാവൂര്‍ പറഞ്ഞു.

കേരളത്തിലെ ആകെ 631 റിലീസ് സ്‌ക്രീനുകളില്‍ 626 സ്‌ക്രീനുകളിലും നാളെ മരക്കാര്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലോകമെമ്പാടും 4000 ത്തിലധികം സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു. 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മരക്കാര്‍. തന്റെ ജീവിത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.