മോർച്ചറിയിൽ കയറി അവസാനമായി കണ്ടു, ഏട്ടോ എന്നു വിളിക്കാതെ നിശ്ചലമായി നീ കിടക്കുന്നത് കാണേണ്ടിയിരുന്നില്ല എന്നു തോന്നി, കുറിപ്പ്

മരണപ്പെട്ടിട്ടും നന്ദു മഹാദേവയുടെ ഓർമ്മയിലാണ് ഇപ്പോഴും നന്ദുവിനെ സ്നേഹിക്കുന്നവർ. നന്ദുവിനെക്കുറിച്ച് ജ്യേഷ്ഠ തുല്യനായ ആന്റണി ജോയ് പങ്കുവച്ച കുറിപ്പാണ് വേദനയേറ്റുന്നത്. നന്ദുവിനെക്കുറിച്ചുള്ള ഓർമ്മകൾ മരിക്കുന്നതലേന്നും അലട്ടിയിരുന്നു. കോരിച്ചൊരിയുന്ന മഴ,കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ആളുകൾ കൂടാൻ പാടില്ലാത്ത സമയം.എന്തെല്ലാം ആണെങ്കിലും നിന്നെ അവസാനമായി ഒന്ന് കാണാതിരിക്കാൻ പറ്റാത്ത അവസ്ഥ,എന്താണ് ചെയ്യേണ്ടത് എന്നൊരു പിടിയുമില്ലാതെ ഞാൻ മുറിയിൽ കയറി, മാർച്ച് 2 ന് നിന്റെ ഇന്റർവ്യൂ എടുക്കാൻ വന്നപ്പോൾ നീ എന്നെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നില്ലേ ആ ഫോട്ടോ ലാപ്പ്ടോപ്പിൽ നിന്നും എടുത്തു കണ്ടു, നിയന്ത്രിക്കാൻ കഴിയാതെ ഞാൻ കരഞ്ഞു, എനിക്കറിയാം കരയുന്നത് നിനക്കിഷ്ടമില്ലെന്ന് പക്ഷെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെടോയെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

നന്ദുകുട്ടാ നീ icu ലേക്ക് മാറിയ അന്ന്, മെയ് 14 ന് അർദ്ധരാത്രി നിന്നെക്കുറിച്ചു ഓർത്തു വല്ലാത്ത അസ്വസ്ഥത തോന്നിയിട്ട് ഞാൻ എഴുന്നേറ്റു സമയം 1 മണി, സ്വാഭാവികമായി എല്ലാവരും ഉറങ്ങുന്ന സമയമായതിനാൽ ഫോൺ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുക അസാധ്യമായതിനാൽ അച്ഛന്റെ നമ്പറിലേക്ക് msg അയച്ചു, icu ന് പുറത്തു കൂട്ടിരിക്കുന്ന അച്ഛൻ എന്തെങ്കിലും കാരണവശാൽ ഉറങ്ങാൻ വൈകുക ആണെങ്കിൽ സാഹചര്യം അറിയാമല്ലോ എന്ന ആഗ്രഹം, കുറേ നേരം ഫോണും പിടിച്ചു ഇരുന്നു എന്നിട്ട് മനസില്ലാ മനസ്സോടെ ഞാൻ കിടന്നു.
രാവിലെ എന്റെ സുഹൃത്ത് സുജാത ചേച്ചിയുടെ Sujatha P R ഫോൺ കോൾ കേട്ടിട്ടാണ് ഞാൻ എഴുന്നേറ്റത്, അത്ര വെളുപ്പിന് ഒരു വിളി തീരെ പതിവില്ലാത്തതാണല്ലോ എന്തുപറ്റി എന്നു ചിന്തിച്ചുകൊണ്ടു ഞാൻ ഫോൺ എടുത്തു,

നിന്റെ അപ്രതീക്ഷിതമായ വിയോഗം അറിയിച്ചിട്ട് സങ്കടത്തോടെ ചേച്ചി ഫോൺ വെച്ചു.കോരിച്ചൊരിയുന്ന മഴ,കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ആളുകൾ കൂടാൻ പാടില്ലാത്ത സമയം.എന്തെല്ലാം ആണെങ്കിലും നിന്നെ അവസാനമായി ഒന്ന് കാണാതിരിക്കാൻ പറ്റാത്ത അവസ്ഥ,എന്താണ് ചെയ്യേണ്ടത് എന്നൊരു പിടിയുമില്ലാതെ ഞാൻ മുറിയിൽ കയറി, മാർച്ച് 2 ന് നിന്റെ ഇന്റർവ്യൂ എടുക്കാൻ വന്നപ്പോൾ നീ എന്നെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നില്ലേ ആ ഫോട്ടോ ലാപ്പ്ടോപ്പിൽ നിന്നും എടുത്തു കണ്ടു, നിയന്ത്രിക്കാൻ കഴിയാതെ ഞാൻ കരഞ്ഞു, എനിക്കറിയാം കരയുന്നത് നിനക്കിഷ്ടമില്ലെന്ന് പക്ഷെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെടോ.Fb യിൽ നിന്നെക്കുറിച്ചു എന്തെല്ലാമോ എഴുതണം എന്നുണ്ടായിരുന്നു പക്ഷെ ഒന്നും പൂർത്തിയാക്കാൻ കഴിയുന്നില്ല, 3-4 വരികൾ കുറിച്ചിട്ട് ഞാൻ വേഗം കുളിച്ചു വസ്ത്രങ്ങൾ മാറി നിന്നെ അവസാനമായി കാണാൻ വേണ്ടി വണ്ടിയെടുത്ത് ഇറങ്ങി,

‘മോൻ നമ്മളെ വിട്ട് പോയി’ എന്നൊരു മറുപടി അച്ഛൻ രാവിലെ അയച്ചിരുന്നു, ഞാൻ തലേദിവസം അയച്ചതിന് മറുപടിയായി എന്റെ അനിയത്തിക്കുട്ടി ശില്പമോൾ Shilpa John നിന്നെ ചികിൽസിക്കുന്ന MVR ആശുപത്രിയിൽ ഉള്ളകാര്യം ഞാൻ പറഞ്ഞിരുന്നില്ലേ, നിങ്ങൾ തമ്മിൽ കണ്ടു സംസാരിക്കുകയും ചെയ്തിരുന്നല്ലോ. അവളെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു, കൂടുതൽ കൃത്യമായ വിവരങ്ങൾ അറിയാൻ വേണ്ടി ആദർശിന്റെ Adersh Tc നമ്പറും അവൾ അയച്ചു തന്നു.കളൻതോടുള്ള നിന്റെ വീട്ടിലേക്ക് കാർ ഓടിക്കുമ്പോഴെല്ലാം ഇടയ്ക്കിടെ കണ്ണുകൾ ഞാനറിയാതെ നിറഞ്ഞൊഴുകി.”ഏട്ടോ ഞാൻ തിരുവനന്തപുരത്തുനിന്നും തിരിച്ചു വന്നു കഴിയുമ്പോൾ ഏട്ടനും ചേച്ചിയും മക്കളെയും കൂട്ടി വരണം, നമുക്ക് കറങ്ങാൻ പോകണം”, എന്ന നിന്റെ വാക്കുകൾ ചെവിയിൽ ആവർത്തിച്ചു മുഴങ്ങുന്നുണ്ടായിരുന്നു.
അവസാനത്തെ ചടങ്ങുകൾ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ ആണെന്നും, MVR ൽ നിന്നും നേരിട്ട് അങ്ങോട്ട് കൊണ്ടുപോകുമെന്നും ആദർശാണ് പറഞ്ഞത്, വീട്ടിൽകയറാതെ നേരെ അങ്ങോട്ട് വരിക ആണെന്നും ദയവായി അത്രനേരം കൂടി നിൽക്കാമോ എന്നും ചോദിച്ചിട്ട് ഞാൻ നേരെ ആശുപത്രിയിലേക്ക് ആണ് വന്നത് ട്ടോ.

അവിടെ എത്തിയപ്പോൾ അച്ചനും അനന്തുവും Ananthu Anjaneyaa ജസ്റ്റിനും Justin PA ആദർശും ഒക്കെ ഉണ്ട്, നിനക്ക് അവസാനമായി യാത്രചെയ്യാനുള്ള ആംബുലൻസിലേക്ക് കയറ്റുന്നതിന് മുൻപ് മോർച്ചറിയിൽ കയറി അവസാനമായി കണ്ടു,ഏട്ടോ എന്നു വിളിക്കാതെ നിശ്ചലമായി നീ കിടക്കുന്നത് കാണേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോകുവാണ്, ചിരിച്ച മുഖം മതിയായിരുന്നു ഉള്ളിൽ.വെസ്റ്റ്ഹിൽ പൊതുശ്മശാനത്തിൽ ധനേഷിന്റെ Dhanesh Mukundhan നേതൃത്വത്തിൽ കാര്യങ്ങളെല്ലാം ക്രമീകരിച്ചിരുന്നു, കുളിപ്പിച്ചു, ഭസ്മവും ചന്ദനവും തൊടീച്ചു കിടത്തിയ നിന്നെ സ്ട്രക്ച്ചറിലേക്ക് എടുത്തുകിടത്തി രാമച്ചം വിരിച്ച അവസാനത്തെ കിടക്കയിലേക്ക് എടുത്തു നടന്നപ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു, വെറും 27 വയസ്സുവരെയേ ജീവിച്ചുള്ളൂ എങ്കിലും എത്ര ആയിരക്കണക്കിന് ആളുകളെയാണ് നീ പ്രചോദിപ്പിച്ചത്, നുറുങ്ങുന്ന വേദനകൾക്കിടയിലും പുഞ്ചിരിയോടെ അല്ലാതെ ആരും നിന്നെ കണ്ടിട്ടേയില്ലല്ലോ.

ഏതു പ്രതിസന്ധിയിലും സന്തോഷത്തോടെ ഇരിക്കണമെന്ന് നീ ജീവിതത്തിലൂടെ കാണിച്ചുതന്നല്ലോ.നിരവധി സ്വപ്നങ്ങൾ മോൻ പങ്കുവെച്ചിരുന്നില്ലേ?ഒരു പരിശീലകൻ ആകണം, എത്രയോ കുട്ടികൾ ലക്ഷ്യമില്ലാതെ അലയുകയും നിരവധി കുഴികളിൽ ചാടുകയും ചെയ്യുന്നത് ഒഴിവാക്കാൻ ഒരു പരിശീലകൻ ആയാൽ നിനക്ക് സാധിക്കും എന്ന സ്വപ്നം പങ്കുവെച്ചിട്ട് പിന്നെന്തിനാ മോനെ ഇത്ര തിരക്കിട്ട് പോയത് ?
എനിക്ക് ഒരു പുസ്തകം എഴുതണം ഏട്ടോ, ഞാൻ എഴുതി തുടങ്ങിയിട്ടുണ്ട് വേഗം പൂർത്തിയാക്കണം… ഇതായിരുന്നല്ലോ ഞാൻ എന്റെ പുസ്തകങ്ങൾ നിനക്ക് നൽകിയപ്പോൾ നീ പറഞ്ഞ ആഗ്രഹങ്ങളിൽ മറ്റൊന്ന്, അനേകം ആളുകളിലേക്ക് പ്രചോദനം ഒഴുകിയെത്തുന്ന പുസ്തകം വേഗം പൂർത്തിയാക്കാൻ എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നും വേദന കാരണം പൂർത്തിയാക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വോയ്സ് ആയി റെക്കോർഡ് ചെയ്താൽ പകർത്തിയെഴുതി തരാമെന്ന് പറഞ്ഞപ്പോൾ ഇല്ല ഏട്ടാ ഞാൻ തന്നെ എഴുതിയാലേ ശരിയാകുള്ളൂ എന്നല്ലേ നീ പറഞ്ഞത്, ശരിയാണ് ഓരോ വരികളിലുമുള്ള തിരുത്തലുകൾ അപ്പപ്പോൾ തിരുത്തി മുന്നോട്ട് പോകുമ്പോഴേ എഴുത്തിന്റെ ഒഴുക്ക് കിട്ടുകയുള്ളൂ എന്നതിനാൽ സമ്മതം മൂളി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷെ…

അതിജീവനത്തിലെ ആളുകളെ ഒരുമിച്ചുകൂട്ടി ഒരു സംഗമം വെക്കണം ഏട്ടാ എന്നു പറഞ്ഞതല്ലേ? വിപുലമായ പരിപാടി തന്നെ കോവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞാൽ ഉടനെ നടത്തണം എന്നും പറഞ്ഞിട്ട് വീണ്ടും വന്ന ഒരു ലോക്ക് ഡൗണിന്റെ ഇടയിൽ കോരിച്ചൊരിയുന്ന മഴയുള്ള നാളിൽ കൂടുതൽ ആരെയും കാണാൻ സമ്മതിക്കാതെ തിരക്കിട്ട് പോകണമായിരുന്നോ ഡാ ?എപ്പോഴാ നമ്മൾ പോകുക എന്നറിയില്ല, ജീവിച്ചിരിക്കുമ്പോൾ പുകയാതെ ജ്വലിക്കണം, അവസാനമായി കാണാൻ കഴിയണമെന്ന് ഉറപ്പില്ലാത്തതിനാൽ എല്ലാവരെയും സ്നേഹിച്ചു ജീവിക്കണം, എന്നെല്ലാമുള്ള പ്രധാന പാഠങ്ങൾ അവസാനയാത്രയിലും നീ ഞങ്ങളെ ഓർമ്മിപ്പിക്കുകയായിരുന്നു ല്ലേ നന്ദുക്കുട്ടാ കുറേദിവസമായി ഞാൻ ഈ കുറിപ്പ് എഴുതാൻ ആഗ്രഹിക്കുന്നു, പക്ഷെ പൂർത്തിയാക്കാൻ സാധിക്കുന്നില്ല, ഇന്നും ഇതു പൂർണ്ണമല്ല, വെറും മൂന്ന് മാസമാണെങ്കിലും ഓർക്കാൻ അത്രമാത്രം ഓർമ്മകൾ ആണല്ലോ നീ നൽകിയത്.

മോനേ നീ പറഞ്ഞ 3 സ്വപ്നങ്ങളിൽ ആദ്യത്തെതിൽ എനിക്കൊന്നും ഒന്നും ചെയ്യാൻ കഴിയില്ലല്ലോ….രണ്ടും മൂന്നും സ്വപ്നങ്ങൾ പൂർണ്ണമായ അർത്ഥത്തിൽ സാധിക്കില്ല എങ്കിലും പരമാവധി നീതിപുലർത്തികൊണ്ടു പൂർത്തിയാക്കുവാൻ ഉറപ്പായും ശ്രമിക്കും, അതുമാത്രമല്ലേ ഇനി നിനക്ക് വേണ്ടി ചെയ്യാൻ കഴിയുള്ളൂ…നന്ദുവിന്റെ അമ്മ ലേഖ ചേച്ചിയെയും അച്ഛൻ ഹരി ചേട്ടനെയും അനിയൻ അനന്തുവിനെയും അനിയത്തി സായ് കൃഷ്ണയെയും ഓർക്കാതെ പോസ്റ്റ് അവസാനിപ്പിക്കാൻ സാധിക്കില്ല.വേദനകൊണ്ട് പുളയുമ്പോഴും മരുന്നുകളുമായി മല്ലിടുമ്പോഴും നിരവധി കീമോ ശരീരത്തിൽ കയറുമ്പോഴും ധൈര്യത്തോടെ എല്ലാം നേരിടുവാൻ നന്ദുവിനെ സഹായിച്ചതിൽ കുടുംബത്തിന്റെ അസാധാരണമായ ഇടപെടലുകൾക്ക് വലിയൊരു പങ്കുണ്ട്.

നിരവധി കുടുംബങ്ങൾക്ക് മാതൃകയും പ്രചോദനവുമാണീ കുടുംബം, നേരിൽ കാണാനും കുടുംബത്തിന്റെ സുഹൃത്തായി മാറാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.അവസാന നാളുകളിൽ നീ പറഞ്ഞപോലെ, നിന്നിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ആളുകൾ ഒരിക്കലും തളരാതിരിക്കട്ടെ, എന്നെക്കൊണ്ടു കഴിയുന്ന തരത്തിൽ അതിജീവന കൂട്ടായ്മയുടെ പ്രവർത്തനത്തിൽ ഞാനുമുണ്ടാകും…