അവരും മനുഷ്യരാണ്, പ്രവാസികളെല്ലാവരും വെറുക്കപ്പെടേണ്ടവരല്ല; കുറിപ്പ്

സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. കനത്ത നിയന്ത്രണത്തിലാണ് സംസ്ഥാനം. വിദേശത്ത് നിന്നെത്തിയവരാണ് കേരളത്തിലേക്ക് കൊറോണ എത്തിച്ചത് എന്നതിന്റെ പേരില്‍ പ്രവാസികള്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ.് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുവ അധ്യാപിക ഡോ. അനൂജ ജോസഫിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. അങ്ങോടും ഇങ്ങോടും ചെളിവാരിയെറിഞ്ഞും, നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും ഇരുന്നാല്‍ നമ്മള്‍ മറ്റൊരു ചൈനയോ ഇറ്റലിയോ ഒക്കെയായി മാറാന്‍ അധിക കാലതാമസമില്ല. അതോടൊപ്പം കൊറോണയെന്നോ, കോവിഡോ എന്തെന്നു പോലും തിരിച്ചറിയാത്ത കുറെ സഹോദരങ്ങള്‍ നമുക്കിടയില്‍ ഇനിയുമുണ്ടെന്നും അനുജ കുറിപ്പിലൂടെ പറയുന്നു

കുറിപ്പ് ഇങ്ങനെ…

കൊറോണയെക്കാളും ഭയങ്കരമാണ് ഈ നാളുകളില്‍ ആള്‍ക്കാരുടെ മനസ്സിലെ ദുഷിച്ച ചിന്തകളെന്നു പറയാതെ വയ്യ. ലോകം മുഴുവന്‍ ഭീതിയിലാക്കി കോവിഡ്- 19 നീങ്ങുമ്പോള്‍ ഒറ്റക്കെട്ടായി മുന്നേറേണ്ടതിനു പകരം ട്രോളുകളിലൂടെ തമ്മില്‍ ഭിന്നത നിറയ്ക്കുന്ന ആള്‍ക്കാരെ ഏതു ഗണത്തില്‍ ഉള്‍പെടുത്തണമെന്നറിയില്ല.
അങ്ങോടും ഇങ്ങോടും ചെളിവാരിയെറിഞ്ഞും, നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും ഇരുന്നാല്‍ നമ്മള്‍ മറ്റൊരു ചൈനയോ ഇറ്റലിയോ ഒക്കെയായി മാറാന്‍ അധിക കാലതാമസമില്ല.
അതോടൊപ്പം കൊറോണയെന്നോ, കോവിഡോ എന്തെന്നു പോലും തിരിച്ചറിയാത്ത കുറെ സഹോദരങ്ങള്‍ നമുക്കിടയില്‍ ഇനിയുമുണ്ട്.

അവരില്‍ അവബോധം ഉയര്‍ത്തേണ്ട കടമയും നമുക്കുണ്ട്. ആശ പ്രവര്‍ത്തകരോടൊപ്പം ആ ഉത്തരവാദിത്തത്തില്‍ നമുക്കും പങ്കാളികളാകേണ്ടതുണ്ട്. കാരണം ഒരാളുടെ പോലും അശ്രദ്ധ വരുത്തിവയ്ക്കുന്ന വിന അത്രമേല്‍ അപകടകരമാണ്. ജനതാ കര്‍ഫൂ പോലുള്ള നടപടികളുടെ പ്രാധാന്യംതിരിച്ചറിയാത്തവരുമുണ്ടെന്നതാണ് സത്യം. ഒരു ദിവസം ജോലിക്കു പോകാണ്ടിരുന്നാല്‍ കുടുംബം പട്ടിണിയാകുമെന്ന ചിന്തയാകാം ഇവരില്‍ പലര്‍ക്കും . ഈ സന്നര്‍ഭത്തില്‍ എല്ലാവര്‍ക്കും അവശ്യഭക്ഷ്യവസ്തുക്കള്‍ ഉറപ്പു വരുത്തേണ്ടുന്നതും ആയ നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിക്കുക.

പ്രവാസികളില്‍ പലരുടെയും വിവേകമില്ലായ്മ ഒട്ടേറെ പേരിലേക്ക് കൊറോണയുടെ വ്യാപനത്തിന് കാരണമായതും വസ്തുതയാണ്. അതിനര്‍ത്ഥം പ്രവാസികളെല്ലാവരും വെറുക്കപ്പെടേണ്ടവരാണെന്നല്ല, അവരും മനുഷ്യരാണ്. കുടുംബത്തിന് വേണ്ടിയും മറ്റും അന്യദേശത്തു പോകേണ്ടിവന്നവരുമുണ്ട് അക്കൂട്ടത്തില്‍. പ്രിയപെട്ടവരെ ഏതേലും സന്ദര്‍ഭത്തില്‍ വിദേശരാജ്യങ്ങളിലോ അല്ലെങ്കില്‍ വിദേശിയരുമായിട്ടോ ഇടപഴകേണ്ടി വന്നിട്ടുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ പാലിക്കുക.

”ഞാന്‍ കാരണം ആര്‍ക്കും ഒരു ദോഷവും വരാന്‍ പാടില്ലെന്ന ചിന്തയാകണം” നമ്മുടെയെല്ലാം മനസ്സില്‍. ദൈവകോപമാണോ ഇതിനൊക്കെ പിന്നിലെന്ന ചിന്തകള്‍ പലരും ഉന്നയിക്കുന്നുണ്ട്. അതീ സന്ദര്‍ഭത്തില്‍ ഒഴിവാക്കാം. കാരണം എന്തു തന്നെയായാലും അതിജീവിച്ചേ മതിയാകു നമുക്ക്. പൊരുതി തോല്‍പിക്കണം ഈ മഹാവിപത്തിനെ, മാനവരാശിയുടെ ഉന്മൂലനാശത്തിനു പതിയിരിക്കുന്നവനെ ആട്ടിപായിക്കാന്‍ ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.