ലോക്ക്ഡൗണില്‍ യാത്ര അങ്കലാപ്പിലായി, ഒടുവില്‍ ക്യാന്‍സറിനെ തോല്‍പ്പിക്കാന്‍ അന്‍വിതയും മാതാപിതാക്കളും ഹൈദരാബാദിലേക്ക്

കൊച്ചി: കോവിഡ് 19 വ്യാപനം തടയാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏവരും വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. എന്നാല്‍ ചിലര്‍ക്ക് ഇത് വലിയ ദുരന്തമാണ്. ആശുപത്രിയിലും മറ്റും പോകേണ്ടവര്‍ക്ക് പോലും പോകാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു. ഇത്തരത്തില്‍ ഹൈദരാബാദില്‍ ചികിത്സയ്ക്കായി പോകേണ്ടിയിരുന്ന ഒന്നര വയസുകാരിക്ക് അതിന് സാധിച്ചിരുന്നില്ല. കണ്ണിനെ കാന്‍സര്‍ ബാധിച്ച പൊന്നോമയുടെ ചികീത്സയ്ക്ക് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് നെഞ്ച് ഉരുക്കുകയായിരുന്നു ആ മാതാപിതാക്കളും. ഒടുവില്‍ അന്‍വിത എന്ന പിഞ്ച് കുഞ്ഞിനെ ചികിത്സയ്ക്ക് വേണ്ടി ഹൈദരാബാദിലേക്ക് കൊണ്ടു പോകാനുള്ള അനുമതി ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിനെയും മാതാപിതാക്കളെയും ആംബുലന്‍സില്‍ ഹൈദദാരാബാദില്‍ എത്തിക്കും. ഈ യാത്രയുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കും.

ലോക്ക്ഡൗണ്‍ ആയതിനാല്‍ കുഞ്ഞിനെ ഹൈദരാബാദില്‍ ചികിത്സയ്ക്കായി എത്തിക്കാന്‍ എന്ത് ചെയ്യുമെവന്ന മനോ വിഷമത്തിലായിരുന്നു അന്‍വിതയുടെ മാതാപിക്കളായ വിനീതും ഗോപികയും. ഒടുവില്‍ ഈ മാതാപിതാക്കളുടെ വിഷമവും കുഞ്ഞ് അന്‍വിതയുടെ പുഞ്ചിരിയും സര്‍ക്കാര്‍ കണ്ടു. കണ്ണിനെ ബാധിച്ച കാന്‍സറിനെ കീമോയിലൂടെ തോല്‍പ്പിക്കാന്‍ അന്‍വിത എന്ന ഒന്നരവയസ്സുകാരി ഞായറാഴ്ച ഹൈദരാബാദിലേക്ക് പുറപ്പെടും.

ലോക്ക്ഡൗണ്‍ മൂലം അന്‍വിതയുടെ യാത്ര പ്രതിസന്ധിയിലായ വാര്‍ത്ത പുറത്ത് എത്തിയിരുന്നു. ഈ വാര്‍ത്ത ആരോഗ്യമന്ത്രി കെ. കെ. ശൈലജയുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യ മന്ത്രി വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍ പെടുത്തി. പല സംസ്ഥാനങ്ങള്‍ കടന്ന് പോകേണ്ടതിനാല്‍ ചീഫ് സെക്രട്ടറി ഇടപെടുകയും നടപടി ക്രമങ്ങള്‍ വേഗത്തില്‍ ആക്കുകയും ചെയ്തു. സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷീലിന്റെ മേല്‍നോട്ടത്തില്‍ കുഞ്ഞിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചു.

അന്‍വിതയെയും മാതാപിതാക്കളെയും എല്‍. വി. പ്രസാദില്‍ എത്തിക്കാനുള്ള എല്ലാവിധ നടപടി ക്രമങ്ങളും മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സാമൂഹിക സുരക്ഷാമിഷന്റെ നേതൃത്വത്തില്‍ നടത്തുന്നതാണെന്ന് മന്ത്രി കെ. കെ.ശൈലജ ഒരു ചാനല്‍ ചര്‍ച്ചയ്ക്ക് ഇടെ വ്യക്തമാക്കി. കെ. എല്‍. 32. എന്‍ 9364 എന്ന നമ്പറിലുള്ള ആംബുലന്‍സ് രാവിലെ എട്ടുമണിക്ക് അന്‍വിതയും മാതാപിതാക്കളും ഹൈദരാബാദിലേക്ക് പുറപ്പെടും. വഴിയില്‍ യാത്രാ സൗകര്യം ഉറപ്പാക്കണമെന്ന് എ .ഡി .ജി. പി. മനോജ് എബ്രഹാം എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.