‘റോഡില്‍ നിറച്ചും കുഴി, ഓട്ടോയില്‍ കയറാന്‍ പേടിയാ ജഡ്ജി അങ്കിളേ’ കത്തെഴുതി മൂന്നാം ക്ലാസ്സുകാരന്‍

കൊച്ചി: ാച്ചി പളളുരുത്തി സ്വദേശിയായ മൂന്നാം ക്ലാസുകാരന്‍ ആരവാണ് പൊതുപ്രശ്നങ്ങളില്‍ ഇടപെട്ട് വീണ്ടും താരമായി മാറിയത്. പൊതുസ്ഥലത്ത് പുകവലിക്കുന്നതിനെതിരെയും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെയും പ്രതികരിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ആരവ്, ഇത്തവണ റോഡിലെ കുഴിയാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. റോഡിലെ കുഴി കാരണം സ്‌കൂളിലേക്ക് പോകാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് പോസ്റ്റ് ചെയ്ത കത്ത് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പുതിയ തലമുറ പ്രതികരിച്ചു കാണുന്നതില്‍ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

പള്ളുരുത്തി കുമ്പളങ്ങി വഴിയില്‍ റോഡരികിലാണ് ആരവിന്റെ വീട്. വീടിന്റെ മുന്നില്‍ തന്നെ റോഡില്‍ വലിയ കുഴി. ദിവസവും ഏതെങ്കിലും ഒരു വാഹനം കുഴിയില്‍ വീഴും. ഓട്ടോയിലാണ് ആരവ് സ്‌കൂളിലേക്ക് പോകുന്നത്. ഓട്ടോ തിരിച്ചെടുക്കുമ്‌ബോള്‍ കുഴിയിലേക്ക് വീഴും. ചിലപ്പോള്‍ മറിഞ്ഞുവീഴുമെന്ന് തോന്നും. പറഞ്ഞിട്ട് ആരും റോഡ് നന്നാക്കുന്നില്ലെന്ന് ആരവിന്റെ പരാതിയില്‍ പറയുന്നു.’റോഡില്‍ കുഴിയുള്ളതിനാല്‍ ഓട്ടോയില്‍ കയറാന്‍ പേടിയാ, അതാ ജഡ്ജി അങ്കിളിന് കത്തെഴുതിയത്’ – ആരവ് പറയുന്നു.

കഴിഞ്ഞ ദിവസം റോഡ് നന്നാക്കാന്‍ കഴിയാത്തതില്‍ ജഡ്ജി മാപ്പു പറഞ്ഞ വാര്‍ത്ത പത്രത്തില്‍ വായിച്ചതാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ ആരവിനെ പ്രേരിപ്പിച്ച ഘടകം.ഉടനെ ആരവ് അച്ഛനോട് ജഡ്ജിയെക്കുറിച്ച് അന്വേഷിച്ചു. ഉടനെ നോട്ട് ബുക്കില്‍നിന്ന് പേജ് കീറിയെടുത്ത് ‘ജഡ്ജി അങ്കിളിന്’ കത്തെഴുതുകയായിരുന്നു. അത് പോസ്റ്റ് ചെയ്യാന്‍ അമ്മയെ ഏല്‍പ്പിച്ചു.

രണ്ട് ദിവസം കഴിഞ്ഞാണ് അമ്മ കത്ത് പോസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കത്ത് അയച്ചു. വെള്ളിയാഴ്ച തന്നെ റോഡിന്റെ കാര്യത്തില്‍ തീരുമാനവുമായി. നഗരറോഡ് സംബന്ധിച്ച് സി പി അജിത്കുമാര്‍ നല്‍കിയതുള്‍പ്പെടെയുളള ഹര്‍ജിയൊടൊപ്പം ഈ കത്തും ഹൈക്കോടതി ഫയലിന്റെ ഭാഗമാക്കിയിട്ടുണ്ട്. കുമ്ബളങ്ങി വഴിക്ക് സമീപം താമസിക്കുന്ന അഡ്വ മഹേഷ് കമ്മത്തിന്റെയും പ്രീതയുടെയും ഏക മകനാണ് ആരവ്. ആരവിന്റെ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നത് അമ്മൂമ്മ ശ്യാമളയാണ്.

സാമൂഹ്യ പ്രശ്നങ്ങളോടുള്ള ആരവിന്റെ പ്രതികരണം ആദ്യത്തേതല്ല. മൂന്നു മാസം മുമ്ബ് ഐലന്‍ഡ് റോഡില്‍ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് ആരവിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടനെ അച്ഛന്റെ മൊബൈല്‍ ഫോണില്‍ അതിന്റെ ചിത്രമെടുത്ത് പ്രധാനമന്ത്രിയുടെ ആപ്പിലേക്ക് അയച്ചുകൊടുത്തു. ഉടനെ മറുപടിയും വന്നു.

പൊതുസ്ഥലത്ത് ആരെങ്കിലും പുകവലിച്ചാല്‍ ആരവ് വെറുതെയിരിക്കില്ല. അതിനെതിരേ പ്രതികരിക്കും. പുകവലിക്കുന്നത് വിലക്കും. ജഡ്ജിക്ക് കത്തയച്ച കാര്യമറിഞ്ഞ് സ്‌കൂളിലെ അധ്യാപിക വിളിച്ചതായി ആരവ് പറഞ്ഞു. മാസങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡ്, തന്റെ കത്തിനെ തുടര്‍ന്ന് നന്നാക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ആരവ്.