അരികൊമ്പൻ ജനവാസമേഖലക്ക് നൂറു മീറ്റർ അകലെ, ആശങ്ക

കുമളി : അരികൊമ്പൻ ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്ത് എത്തിയതായി സ്ഥിരീകരണം. ഇന്ന് പുലർച്ചെ ഒരു മണിയോട് കൂടിയാണ് കുമളിക്കടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആന എത്തിയത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ അനുസരിച്ചാണ് ആന ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയത് അറിഞ്ഞത്. പിന്നാലെ തന്നെ ആകാശത്തേക്ക് വെടിവച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ കാട്ടിലേക്ക് തുരത്തി. എന്നാൽ തിരികെയെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

അരിക്കൊമ്പനെ കഴിഞ്ഞദിവസം കുമളി ടൗണിന് 6 കിലോമീറ്റർ അകലെ വരെ കണ്ടെത്തിയിരുന്നു. ചിന്നക്കനാലിൽ സ്ഥിരം പ്രശ്നക്കാരനായിരുന്ന അരിക്കൊമ്പൻ കുമളിയിലെ ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയതിന്റെ ആശങ്കയിലാണ് നാട്ടുകാർ. അതേസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് പറയുന്നത്.

കാടിനുള്ളിൽ ആന കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെ ഭാഗമായി മാത്രം കുമളി ടൗണിന് സമീപം വന്നതിനെ കണ്ടാൽ മതി എന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ജിപിഎസ് കോളറിൽ നിന്ന് ലഭിച്ച സിഗ്‌നലുകളിൽ നിന്നാണ് ഇന്നലെ അരിക്കൊമ്പൻ ആകാശദൂരപ്രകാരം കുമളി ടൗണിന് 6 കിലോമീറ്റർ അകലെ വരെ എത്തിയെന്ന് വ്യക്തമായത്. എന്നാൽ ഇതൊന്നും ജനങ്ങളുടെ ആശങ്കയെ നടക്കുന്നില്ല.