ചീരു ബാക്​ ടു ജോയ്​ൻ, ചിത്രം പങ്കുവച്ച്​ അർജുൻ സർജ

അന്തരിച്ച നടൻ ചിരഞ്ജീവി സർജക്കും മേഘ്നരാജിനും ഒരു ആൺകുഞ്ഞ് പിറന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ കേട്ടത്.തെന്നിന്ത്യൻ താരകുടുംബം മുഴുവൻ ആശംസകളുമായെത്തി. ചിരഞ്‍ജീവിയുടെ മരണം ഉള്‍ക്കൊള്ളാൻ ഇനിയും കുടുംബത്തിന് കഴിഞ്ഞില്ലെങ്കിലും കുഞ്ഞിന്റെ ജനനം ആശ്വാസം പകരുന്നതാണ്. കുഞ്ഞതിഥിയെ കണ്ട സന്തോഷം പങ്കുവെയ്ക്കുകയാണ് ചിരഞ്‍ജീവിയുടെ അമ്മാവനും നടനുമായ അർജുൻ സർജ.

കുഞ്ഞിനെ നേരിട്ട് കണ്ടില്ല അർജുൻ സർജ. വീഡിയോ കോളിലൂടെയായിരുന്നു താരം കുഞ്ഞിനെ കണ്ടത്. വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അര്‍ജുനും കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ‘ചീരു ബാക്​ ടു ജോയ്​ൻ’ എന്ന കുറിപ്പോടെയാണ് അർജുൻ ചിത്രം പങ്കുവച്ചിരിക്കുന്നത്.

കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ ഏറ്റുവാങ്ങിയത് ധ്രുവ സര്‍ജയായിരുന്നു. ആശുപത്രി റൂമില്‍ ചിരഞ്ജീവി സര്‍ജയുടെ ഫോട്ടോ വെച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.