അങ്ങനെയാരു പട്ടാളക്കാരനില്ല; സംസ്ഥാന സർക്കാറിനെ കരിതേച്ചു കാണിക്കാനുള്ള സംഘപരിവാർ നുണ

കൊച്ചി: കേരള മുഖ്യമന്ത്രിക്ക് വിവരമില്ലേയെന്ന് ചോദിച്ച് രോഷം കൊള്ളുന്ന സൈനികന്റെതെന്ന് പറയുന്ന വീഡിയോ വ്യാജമെന്ന് ആർമി ഡയറക്ടർ ജനറൽ. ഇന്ത്യൻ ആർമിയുടെ ഡയറക്ടർ ജനറൽ തന്നെ തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് വീഡിയോയിലുള്ളയാൾ പട്ടാളക്കാരനല്ലെന്നും ആൾമാറാട്ടക്കാരനാണെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. +917290028579 എന്ന വാട്ട്‌സപ്പ് നമ്പറിൽ നിന്നാണ് ഈ വ്യാജ പട്ടാളക്കാരന്റെ സംഘപരിവാർ അനുകൂല വിദ്വേഷപ്രചാരണമുണ്ടായതെന്നും ഇന്ത്യൻ ആർമി പേജിൽ വ്യക്തമാക്കുന്നു.

ഒരു പട്ടാളക്കാരൻ യൂണിഫോമിൽ വന്നുകൊണ്ട് ‘സർക്കാരിന് വിവരമില്ലേ എന്ന് ചോദിച്ചുകൊണ്ടുള്ള’ ഒരു വീഡിയോയാണ്.

‘നിങ്ങളെന്താണ് പട്ടാളത്തെക്കുറിച്ച് കരുതിയിരിക്കുന്നത്, പട്ടാളം അധികാരമേൽക്കാനാണോ വരുന്നത്, നിങ്ങളുടെ മന്ത്രിസഭയിൽ വിവരമുള്ളവർ ആരുമില്ലേ… അതോ കോടിയേരി മാത്രമേയുള്ളോ’ എന്ന് മലയാളത്തിൽ ചോദിച്ചുകൊണ്ട് തുടങ്ങുന്ന രണ്ടര മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ തുടർന്നങ്ങോട്ട് കേരളസർക്കാർ രക്ഷാപ്രവർത്തനത്തിന് ആർമിക്ക് പൂർണ ചുമതല നൽകണം എന്ന ആവശ്യമായിരുന്നു. ഏറെ വൈകാരികവും രോഷം കലർന്നതുമായ ഈ ‘സൈനികപ്രതികരണം’ സോഷ്യൽ മീഡിയയിൽ സെക്കൻഡുകൾ കൊണ്ട് ടോപ്പ് ട്രെൻഡിങ്ങായി. എന്നാലിത് സർക്കാർ വിരുദ്ധ തരംഗമുണ്ടാക്കാനുള്ള ഏതോ കുടില ബുദ്ധിയുടെ തന്ത്രമാണെന്ന് മണിക്കൂറുകൾക്കിപ്പുറം വ്യക്തമായിരിക്കുകയാണ്.

‘എന്റെയൊക്കെ ഫാമിലി നാട്ടിൽ വെള്ളത്തിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് നാലു ദിവസമായി. ഒരു രക്ഷാപ്രവർത്തന ആൾക്കാരും അവിടെയെത്തിയിട്ടില്ല. പ്ലീസ് മുഖ്യമന്ത്രീ നിങ്ങൾക്കിത്ര വിവരമില്ലെന്ന് ഇന്നാണ് മനസിലായത്. എന്താണ് നിങ്ങളിങ്ങനെ പെരുമാറുന്നത്. നിങ്ങൾ ജനങ്ങൾക്കിത്ര വിലകൽപ്പിക്കുന്നില്ലേ. അതോ വോട്ടിനുമാത്രമേ വിലകൽപ്പിക്കുന്നുള്ളോ. ആർമി വന്നതുകൊണ്ട് നിങ്ങൾക്കൊന്നും നഷ്ടപ്പെടാനില്ല. അവർ വന്നാൽ അവരുടെ പരിപാടി വിത്തിൻ സെക്കന്റ്‌സ്, അവർക്ക് കിട്ടുന്ന ടൈമിൽ അവർ നടപ്പാക്കും. എത്രപേരെ രക്ഷിക്കണോ അത്രയും പേരെ രക്ഷിച്ചിട്ട് അവർ പോവുകയേ ഉള്ളൂ.

നിങ്ങളുടെ ഭരണം പിടിച്ചെടുക്കാനൊന്നും ആരും വരില്ല. തൊഴുത് പറയുകയാണ് നിങ്ങൾക്കൊന്നും നഷ്ടപ്പെടാനില്ല, ചെങ്ങന്നൂർ, കുട്ടനാട് ഭാഗങ്ങളിലുള്ള ജനങ്ങൾക്കുവേണ്ടി ഒന്നേ ചെയ്യാനുള്ളൂ. നമ്മളൊക്കെ ചിന്തിക്കുന്നതിനപ്പുറമാണ് കാര്യങ്ങൾ കിടക്കുന്നത്. സേനയെ വിളിക്കുക. നിങ്ങൾ അവരെ എത്തിക്കുക, അവർ അവരുടെ പണിയെടുത്ത് അന്തസായി തിരിച്ചുപൊയ്‌ക്കോളും. നിങ്ങളവരോട് ഒരു സബാഷ് പോലും പറയണ്ട. കാര്യം ഞങ്ങളൊക്കെ അങ്ങനെ ജീവിക്കുന്നവരാ.

ഞങ്ങളാരുടെയും പ്രോത്സാഹനം കണ്ടിട്ടല്ല ജീവിക്കുന്നത്. ജമ്മുവിലൊക്കെ ഞങ്ങൾ ഇത്തരം നിരവധി കാര്യങ്ങൾ ചെയ്യുന്നതാ. പലരുംപറഞ്ഞിട്ടും സൈന്യത്തെ വിളിക്കാത്തതിന്റെ കാരണം മനസിലാകുന്നില്ല, ഇത് വെച്ചുപൊറുപ്പിക്കാൻ കഴിയാത്തതാണ്. ഇപ്പോൾ ഡാം വീണ്ടും തുറന്നു, എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയാണ്. പ്ലീസ് കേന്ദ്രസൈന്യത്തെ വിളിച്ചേ പറ്റൂ, ഞങ്ങളുടെ ഫാമിലിയെ ഒന്ന് രക്ഷിച്ചുതാ, അല്ലെങ്കിൽ നാളെ നിങ്ങൾ ഇതിന് കണക്കു പറയേണ്ടി വരും…’ എന്നു പറഞ്ഞ് ഒരു സല്യൂട്ട് കൂടി നൽകിയാണ് യൂണിഫോമിട്ട വ്യാജ സൈനികൻ തന്റെ വീഡിയോ അവസാനിപ്പിച്ചിരുന്നത്.