ഗുഡ്‌സ് ഓട്ടോഡ്രൈവറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റ്

ഗുഡ്‌സ് ഓട്ടോഡ്രൈവറായ പൊന്ന്യം കുണ്ടുചിറ കുനിയില്‍ സി.ഷാജിയെ (49) തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.വി.ബിജുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.പരിക്കേറ്റ ഷാജിയെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ഷാജിയെ കോമത്ത്പാറയില്‍നിന്നാണ് പിടിച്ചുകൊണ്ടുപോയത്. ബന്ധുവായ യുവതിയുമായി ചിലര്‍ക്കുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ഷാജിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സംഘത്തെ കിളിയന്തറ ചെക്പോസ്റ്റില്‍നിന്ന് ശനിയാഴ്ച രാത്രി പോലീസ് പിടികൂടി.