ഡല്‍ഹിയില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം – കെജ്‌രിവാള്‍

കേരളത്തിന് പിന്നാലെ സംസ്ഥാനത്തെ മുഴുവനാളുകള്‍ക്കും സൗജന്യ വാക്‌സിനുകള്‍ നല്‍കുമെന്ന് ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാനായി 1.34 കോടി വാക്‌സിനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വാക്‌സിന്‍ ഉടന്‍ തന്നെ വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,933 പോസിറ്റിവ് കേസുകളും, 350 മരണവുമാണ് രേഖപ്പെടുത്തിയത്. പോസിറ്റിവിറ്റി നിരക്ക് 30.21 ശതമാനമാണ്.

രോഗവ്യപാനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് വേഗത്തിലാക്കും. രാജ്യത്തുടനീളം വാക്‌സിന് ഏകീകൃത വില നിശ്ചയിക്കണമെന്നും നിലവിലെ ഉയര്‍ന്ന വില കുറയ്ക്കാന്‍ വാക്‌സിന്‍ നിര്‍മാതാക്കളും കേന്ദ്രസര്‍ക്കാരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉയര്‍ന്ന വില ഈടാക്കി ലാഭമുണ്ടാക്കാനുള്ള സമയമല്ല ഇതെന്നും കേന്ദ്രസര്‍ക്കാര്‍ നടപടിയെ കുറ്റപ്പെടുത്തി കെജ്‌രിവാള്‍ പറഞ്ഞു.