ട്വന്റി ട്വന്റിക്ക് വേണ്ടി കെജ്‌രിവാള്‍ കേരളത്തില്‍ ഇന്നെത്തും; 50,000 പേര്‍ പങ്കെടുക്കുമെന്ന് സാബു ജേക്കബ്

കൊച്ചി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന്(ശനിയാഴ്ച) കൊച്ചിയിലെത്തും. ഞായറാഴ്ച കിഴക്കമ്പലം കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ട്വന്റി ട്വന്റി ജനസംഗമം പരിപാടിയില്‍ പങ്കെടുക്കും. ജനസംഗമം പരിപാടിയില്‍ അന്‍പതിനായിരം പേരെ പങ്കെടുപ്പിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു. തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാട് കെജ്‌രിവാളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പ്രഖ്യാപിക്കും. കെ റെയില്‍ പദ്ധതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും കെ റെയില്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.എ.പി.-ട്വന്റി ട്വന്റി ലയനത്തെ കുറിച്ചോ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചോ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. അങ്ങനെ ഒരു അജണ്ടയും ഇപ്പോഴില്ല- സാബു ജേക്കബ് പറഞ്ഞു. ട്വന്റി ട്വന്റിക്ക് പി.ടി. തോമസിനോടുള്ള രാഷ്ട്രീയമായ എതിര്‍പ്പ് ഉമാ തോമസിനോട് ഉണ്ടോ എന്ന ചോദ്യത്തിന്- വ്യക്തിപരമായ കാഴ്ചപ്പാടിനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയപരമായുള്ള നിലപാട് എടുക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. പി.ടി. തോമസിന്റെ ഭാര്യയാണ് സ്ഥാനാര്‍ഥി അതുകൊണ്ട് ഒരു കാഴ്ചപ്പാട് എന്ന് ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.