മരുന്ന് കമ്പനി പൂട്ടിച്ചു, ആധുനിക ഗ്യാസ് ശ്മശാനം റെഡിയാണെന്ന് ആര്യ രാജേന്ദ്രന്‍; വിവാദം

തിരുവനന്തപുരം: അധികാരത്തിലെത്തുമ്പോള്‍ തള്ളി മറിച്ച ആര്യ രാജന്ദ്രന്‍ തൊടുന്നതെല്ലാം അമളിയായി മാറുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് തിരുവനന്തപുരത്തെ മേയര്‍ ആര്യ രാജേന്ദ്രന്‍. മെഡിക്കല്‍ കോളേജിന് സമീപത്തെ മരുന്ന് ബാങ്ക് കോര്‍പ്പറേഷന്‍ പൂട്ടിച്ചത് വിവാദമാകുന്നതിനിടെ മറ്റൊരു അമളിയുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. സംഭവം വിവാദമായതോടെ മേയര്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

രാജ്യം കൊവിഡ് മഹാമാരിയ്ക്കുമുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന സമയത്ത് കോര്‍പ്പറേഷന്‍ ആധുനിക ശ്മശാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി പറയുന്നത് ഔചിത്യമില്ലായ്മയാണെന്നായിരുന്നു കമന്റുകള്‍.

പോസ്റ്റില്‍ ആര്യ പറഞ്ഞത്:

‘രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി. ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്‌കാരത്തിനായി ഉള്ളത്’. ആധുനികരീതിയില്‍ നിര്‍മ്മിച്ച ഗ്യാസ് ശ്മശാനത്തിന്റെ ചിത്രങ്ങളോടൊപ്പമാണ് ആര്യ ഫേസ്ബുക്കില്‍ ഈ വരികള്‍ കുറിച്ചത്.