മുൻ ഗവണ്മെന്റ് പ്ലീഡർക്കെതിരായ പീഡനക്കേസ്, ആറുപേരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണത്തിന്

കൊച്ചി: മുൻ ഗവണ്മെന്റ് പ്ലീഡർ പി ജി മനുവിനെതിരായ പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. നിയമസഹായം ചോദിച്ചെത്തിയ അതിജീവിതയെ പി ജി മനു ബലാൽസംഗം ചെയ്ത കേസിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ചോറ്റാനിക്കര എസ്എച്ച്ഒ അടക്കം 6 പേരാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്കുന്നത് പുത്തൻകുരിശ് ഡിവൈഎസ് പി ആണ്.

കേസിൽ പ്രതിയായ പിജി മനു മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. ഐടി ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ചോറ്റാനിക്കര പോലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്.

2018 ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ അതിജീവിതയാണ് പരാതിക്കാരി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന വീട്ടിലെത്തിയായിരുന്നു യുവതിയെ പീഡിപ്പിച്ചത്. ഔദ്യോഗിക വാഹനത്തിലായിരുന്നു ഇയാൾ യുവതിയുടെ വീട്ടിലെത്തിയത്. പീഡനത്തിന് ശേഷം യുവതിയുടെ നഗ്ന ചിത്രങ്ങൾ കാണിച്ചും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.