ഇനിയെങ്കിലും നിർത്തുമോ “പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ” ഗാനമേള, വിമർശിച്ച് എംഎം ലോറൻസിന്റെ മകൾ

തിരുവനന്തപുരം: സിപിഐഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നുവെന്ന പുറത്തുവന്നത്. പുഷ്പന്റെ സഹോദരൻ ബിജെപിയിൽ ചേർന്ന വാർത്തയോട് പ്രതികരിച്ചിക്കുകയാണ് എംഎം ലോറൻസിന്റെ മകൾ ആശാ ലോറൻസ്. ഫേസ്‌ബുക്കിലൂടെ ആണ് അവരുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണ്ണരൂപം

നമസ്ക്കാരം ഞാൻ FB യിൽ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് പല കാര്യങ്ങളും അറിയില്ലായിരുന്നു. ഈയിടെ ആണ്” പുഷ്പനെ അറിയാമോ” എന്ന ഗാനം കേൾക്കുന്നത്. നിസ്സഹായവസ്ഥയിൽ കിടക്കുന്ന ആ മനുഷ്യന് ഈ കോലാഹങ്ങൾ സഹിക്കുവാൻ സാധിക്കുന്നുണ്ടോ സന്തോഷമാണോ സങ്കടമാണോ പ്രതികരിക്കാൻ പറ്റാത്ത നിസഹായവസ്ഥ ആണോ പുഷ്പന്റെ ഉള്ളിൽ സംസാരിക്കാൻ പറ്റുന്നുണ്ടോ? കേൾക്കുന്നുണ്ട് ശബ്ദം കേൾക്കുന്നിടത്ത് നോട്ടം എത്തുന്നുണ്ട്.

വർഷങ്ങൾക്ക് മുൻപ് നിരന്തരമായി സഖാവ് എം.വി.രാഘവനെ DYFI ക്കാർ വഴിതടയുന്ന വാർത്തകൾ വായിച് വായിച്ച് മടുത്ത ഒരു ദിവസം ഞാൻ അപ്പച്ചനെ വിളിച്ചു. അന്ന് അപ്പച്ചൻ എ.കെ. ജീ സെൻററിൽ ഉണ്ട്. MM LAWRENCE നെ വെട്ടിനിരത്തിയിട്ടില്ല സ്വന്തം സഖാക്കൾ!! ഞാൻ അന്ന് അപ്പച്ചനോട് ചോദിച്ചു വേറെ ഒരു കാര്യവും കേരളത്തിൽ നടക്കുന്നില്ലേ, എന്നും എന്തിനാണ് ഇങ്ങിനെ എം.വി രാഘവനെ തടയണത്?

കേരളത്തിൽ അന്ന് പ്രളയവും മഹാമാരിയും ഒന്നുമില്ല പക്ഷേ ജീവിക്കാൻ സാധാരണകാർ അന്നും കഷ്ടപെടുന്നുണ്ടല്ലോ? ഈ DYFI കാർക്ക് വേറെ ഒരു പണിയും ഇല്ലേ എന്താ അപ്പച്ഛാ ഈ വഴി തടയൽ നിർത്താത്? അപ്പച്ഛന്റെ സ്വരം നിസഹായവസ്ഥയുടെത് ആയിരുന്നു. അപ്പച്ഛൻ പറഞ്ഞത് ” ഞാനിവിടെ പറഞ്ഞു ആര് കേൾക്കാൻ?!! എന്നായിരുന്നു ശരിയാണ് ആരും കേട്ടില്ല കണ്ടില്ല!! നിർത്തിയില്ല വഴി തടയൽ!!! പിറ്റേന്ന് വൈകിട്ട് കേട്ടു കൂത്ത്പറമ്പ് വെടിയൊച്ച!!ഞാൻ അപ്പച്ചനോട് ചോദിച്ച് 24 മണിക്കൂർ തികഞ്ഞിരുന്നില്ല ആ വെടിയൊച്ച കേൾക്കുമ്പോൾ!!! അതിൽ വീണ് പോയ ഒരാൾ ഇന്നും ജീവിചിരിക്കുന്നു എന്നതാണ് കൂടുതൽ വേദന.സഖാവ് എം വി രാഘവനും വാശി പുറത്തായിരുന്നുവല്ലോ.പോകരുതെന്ന് പറഞ്ഞിട്ടും പോയി.

ആരും ഒന്നും നേടിയില്ലതെറ്റാണ് ഞാൻ പറയുന്നത്.നേടി നേട്ടമുണ്ടായി!!വർഷാവർഷം ആഘോഷിക്കാൻ രക്ത സാക്ഷികളെ കിട്ടിയല്ലോ? ചെറിയ കാര്യമല്ലല്ലോ?അതും 5 രക്തസാക്ഷികളെ!! നിസാരനേട്ടമൊന്നും അല്ലല്ലോ?ഒരു ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെയും കിട്ടി.!?

“പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ” ? ആരോടാണ് ഈ ചോദ്യം.? CPM നേതാക്കൻമാരോടോ.അന്ന് സമരത്തിന് ആവേശം പകർന്ന DYFI നേതാക്കൻമാരോടോ.?വെടിവെച്ച പൊലീസ് കാരോടോ?.സഖാവ് എം.വി.രാഘവനോടോ??

അറിയില്ല എനിക്കറിയില്ല പുഷ്പനെ എനിക്കറിയില്ല!! എന്നാലും എനിയ്ക്ക് തോന്നുന്നു കൈ പൊക്കാൻ സാധിച്ചിരുന്നുവെങ്കിൽ പുഷ്പൻ കൈ പൊക്കുമായിരുന്നു. തലോടാൻ ആയിരിക്കില്ലവിപ്ലവ മുദ്രവാക്യം വിളിക്കാനും ആയിരിക്കില്ല!! ഏത് മനുഷ്യനും ഈ അവസ്ഥയിൽ വിപ്ലവ ആവേശമൊക്കെ എന്നേ കെട്ടടങ്ങിയിട്ടുണ്ടാവും?ഓടി നടക്കുന്ന വിപ്ലവം പ്രസംഗിക്കുന്ന പല സഖാക്കളും രഹസ്യമായി എങ്കിലും മടുപ്പ് പറഞ്ഞിട്ടുള്ളത് നേരിട്ട് അറിയാം എനിയ്ക്ക്.പേര് പറയില്ല.അവർക്കും ജീവിക്കണമല്ലോ?ഇനിയെങ്കിലും നിർത്തുമോ പാവം ഒരു മനുഷ്യന്റെ ചുറ്റും നിന്ന് “പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ” ഗാനമേള.?ഇന്ന് ഒരു വാർത്ത പുഷ്പന്റെ കുടുംബം ബി.ജെ.പിയിൽ ചേർന്നു എന്ന്.!! പാട്ട് ഒന്ന് മാറ്റി പിടിക്ക് സഖാക്കളെ!!

“സ്നേഹിക്കയില്ല ഞാൻ നോവും ഒരാത്മാവിനെ സ്നേഹിച്ചിടാത്ത ഒരു തത്വ ശാസ്ത്രത്തെയും”!!വയലാറിന്റെ വരികൾ എടുത്ത് ചുവപ്പ് നിറത്തിൽ വെയറ്റിംഗ് ഷെഡിൽ എഴുതി വയ്ക്കാൻ ആർക്കും പറ്റും.ഇത്തിരി ചുവപ്പ് നിറവും ഒരു ബ്രഷും എഴുതാൻ അക്ഷരങ്ങളും മതി.എന്നെങ്കിലും പുഷ്പനെ കണ്ടാൽ ഈ വരികളെ ഞാൻ പറയു” സ്നേഹിക്കയില്ല ഞാൻ നോവും ഒരാത്മാവിനെ സ്നേഹിച്ചിടാത്ത ഒരു തത്വ ശാസ്ത്രത്തെയും.”