ഇഴജന്തുക്കളെക്കാൾ ഉഗ്രവിഷമുളളവരാണ് സ്ത്രീധനം ചോദിച്ച് വരുന്ന ഈ മനുഷ്യപിശാചുകൾ- അഷ്‌റഫ് താമരശ്ശേരി

പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഭർത്താവിന്റെ നീച പ്രവർത്തിയെക്കുറിച്ചും സ്ത്രീധനം എന്ന സബ്രദായത്തെക്കുറിച്ചുമാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. കൂടുതൽ സ്ത്രീധനം നൽകി പെൺകുട്ടികളെ കെട്ടിച്ചുകൊടുക്കുന്ന മാതാപിതാക്കൾ ഇത്തരം സംഭവങ്ങളും സൂക്ഷിക്കുക എന്ന മുന്നറിയിപ്പുമായി സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി രംഗത്തെത്തി. സ്ത്രീധനം വാങ്ങി കല്യാണം കഴിച്ച ഭർത്താവ് തന്നെയാണ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്. എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളോട് കൂടിയുമാണ് ഈ പെൺകുട്ടി അയാളുടെ ജീവിതത്തിൽ കടന്ന് വന്നത്.അതിനെല്ലാം ഒരു ഒറ്റ നിമിഷം കൊണ്ടല്ലേ തല്ലി തകർത്തതെന്ന് അദ്ദേഹം പറയുന്നു

കുറിപ്പ്…മനസാക്ഷിയെ ഞെട്ടിച്ച അസ്വഭാവിക കൊലപാതകം,ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്.സ്ത്രീകൾ ആദരിക്കേണ്ടതാണ്,ബഹുമാനിക്കേണ്ടത് എന്ന് വാക്കുകളിൽ മാത്രം ഒതുങ്ങി പോകുന്നതായി ചില സംഭവവികാസങ്ങൾ കാണുമ്പോൾ തോന്നാറുണ്ട്.കല്ല്യാണ ഫോട്ടോയിൽ കാണുന്ന ആ മോളുടെ പുഞ്ചിരി കാണുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു.എന്തെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളോട് കൂടിയുമാണ് ഈ പെൺകുട്ടി അയാളുടെ ജീവിതത്തിൽ കടന്ന് വന്നത്.അതിനെല്ലാം ഒരു ഒറ്റ നിമിഷം കൊണ്ടല്ലേ തല്ലി തകർത്തത്.കുറ്റവാളിയെ തൂക്കികൊല്ലുവാനുളള നിയമം കൊണ്ട് വരണം.

പെൺമക്കളുളള ഒരു അച്ഛനും അമ്മക്കും ഈ ഗതി വരരുത്..പണ്ടൊക്കെ കിണറ്റിൽ തളളിയിട്ടും,ഗ്യാസ് പൊട്ടിച്ചും ഒക്കെയാണ് പെൺമക്കളെ കൊന്ന് കൊണ്ടിരുന്നത്,ഇപ്പോൾ കേട്ടുകേൾവി പോലും ഇല്ലാത്ത പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുക.സാംസ്കാരിക കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്. പാമ്പ് കടിയേറ്റ് യുവതി മരിച്ചുവെന്ന് ചരമത്തിൻെറ പേജിൽ ചെറിയൊരു വാർത്തയായി മാറിപോകേണ്ട ഒരു സംഭവത്തെ ശാസ്ത്രീയമായും, ബുദ്ധിപരമായും, സത്യസന്ധമായും അന്വേഷിച്ച് കൊലപാതകമാണെന്ന് തെളിയിച്ച ക്രെംബ്രാഞ്ച് എസ്സ്.പി ഹരിശങ്കറിനും ടീമിനും അഭിനന്ദനം അർഹിക്കുന്നു.ഇനി ഉത്രയുടെ കുടുംബത്തിന് നീതി കിട്ടണം,കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.ഇനി തെളിവുകളില്ലാത്തതിൻെറ അടിസ്ഥാനത്തിൽ ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പാടില്ല.

പെൺമക്കളുളള മാതാപിതാക്കളോട് ഒരു അഭ്യർത്ഥന. ഒരിക്കലും സ്ത്രീധനം ചോദിച്ചോണ്ട് വരുന്നവർക്ക് പെൺമക്കളെ വിവാഹം ചെയ്ത് കൊടുക്കരുത്.പാമ്പുകൾ ഒരിക്കലും ഒരാളെയും ഇങ്ങോട്ട് വന്ന് കടിക്കില്ല.ഇഴജന്തുക്കളെക്കാൾ ഉഗ്രവിഷമുളളവരാണ് സ്ത്രീധനം ചോദിച്ച് വരുന്ന ഈ മനുഷ്യപിശാചുകൾ.