മുക്ത ഒന്നും സ്വന്തമായി ഉണ്ടാക്കി പറഞ്ഞതല്ല, സതി അനുഷ്ഠിച്ച് വരെ എന്റെ ചോയ്‌സ് പറയാന്‍ മത സ്ത്രീകള്‍ കാത്തു നില്‍ക്കുന്നു, കുറിപ്പ്

സ്റ്റാര്‍ മാജിക് പരിപാടിയില്‍ അതിഥിയായി നടി മുക്ത എത്തിയപ്പോഴുള്ള എപ്പിസോഡാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മകളെ കുക്കിംഗും ക്ലീനിങ്ങും ഒക്കെ പഠിപ്പിക്കുന്നുണ്ടെന്നും പണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടതിനാലുമാണ് അങ്ങനെ ചെയ്യുന്നതെന്നും ഷോയില്‍ മുക്ത പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് മുക്തയ്ക്ക് എതിരെ ഉയരുന്നത്. ഈ വിഷയത്തില്‍ മുക്ത പറഞ്ഞത് പൊതു സമൂഹ ബോധമാണെന്നു പറയുകയാണ് ഗവേഷക ആശാറാണി ലക്ഷ്മികുട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആശയുടെ പ്രതികരണം.

ആശാറാണിയുടെ കുറിപ്പ് ഇങ്ങനെ, പെണ്ണുങ്ങള്‍ കളക്ടറാകണതിന് ഞാനെതിരല്ല… ഡോക്ടറാകണതിന് ഞാനെതിരല്ല… നാടു ഭരിക്കുന്നതിന് ഞാനെതിരല്ല. എഞ്ചിനീയറാകണതിന് ഞാനെതിരല്ല. നാസയില്‍ പോകുന്നതിന് ഞാനെതിരല്ല. സമരം ചെയ്യുന്നതിന് ഞാനെതിരല്ല. പക്ഷെ വീട്ടില്‍ വന്ന് കെട്യോന് നെല്ലിക്ക ഇടിച്ചിട്ട പൊന്നാനി മത്തിക്കറി വച്ച് കൊടുക്കാന്‍ അറിയില്ലെങ്കില്‍ എന്ത് ഫലം. ഇത് തന്നെ മറിച്ചും തിരിച്ചും എല്ലാവരും പറയും. കുട്ടികള്‍ എത്രാം ക്‌ളാസിലാണ് പഠിക്കുന്നതെന്ന് അറിയാത്ത രാഷ്ട്രീയക്കാരന്‍ ജനസേവനത്തിന്റെ മകുടോദാഹരണം.

മക്കളെന്ത് കഴിച്ചെന്ന് അറിയാത്ത ഡോക്ടര്‍ സേവന തത്പരന്‍. വെഡ്ഡിങ്ങ് ആനിവേഴ്‌സറി മറന്ന് പോകുന്ന സാഹിത്യക്കാരന്‍ മഹാന്‍. വിദ്യാര്‍ത്ഥികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ അമ്മായിഅമ്മയുടെ അസുഖം വിവരം തിരക്കി ആശുപത്രിയില്‍ ഒന്ന് പോകാന്‍ കഴിയാത്ത അധ്യാപകന്‍ മാതൃകാധ്യപകന്‍. എന്നാല്‍ ഇതൊക്കെ മറക്കുന്ന സ്ത്രീയോ. അവളൊരു സ്ത്രീയാണോ സ്ത്രീകളെ.

മുക്ത ഒന്നും സ്വന്തമായി ഉണ്ടാക്കി പറഞ്ഞതല്ല. മത സദാചാര മൂല്യ സംഹിതകളുടെ ഇടയില്‍ വളര്‍ന്ന ഒരു സ്ത്രീ.. അവരെകൊണ്ട് ഇന്നത്തെ മോഡേണ്‍ മത-സദാചാര പുരുഷൂക്കളുടെ രീതിയില്‍ ‘അടുക്കളപ്പണി എന്റെ ചോയ്‌സ്’ എന്ന് പറയിപ്പിക്കാന്‍ ഉളള ബുദ്ധി അവരുടെ ചുറ്റിനും ഉളള ആണുങ്ങള്‍ക്ക് ഇല്ലായിരുന്നു. ഇവിടെ സതി അനുഷ്ഠിച്ച് വരെ എന്റെ ചോയ്‌സ് പറയാന്‍ മത സ്ത്രീകള്‍ കാത്തു നില്‍ക്കുന്നു. അപ്പോഴാണ് ഒരു അടുക്കള. മുക്തയെ തിരുത്താന്‍ വളരെ എളുപ്പമാണ്. പക്ഷെ ലവരെ തിരുത്തല്‍ നിങ്ങള്‍ക്കാവില്ല.