പ്രവാസികളുടെ മരണങ്ങളിൽ അധികവും ഹൃദയാഘാതത്തെ തുടർന്ന്, അഷ്റഫ് താമരശ്ശേരി

പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തുറന്നെഴുതുന്ന വ്യക്തിയാണ് യുഎഇയിലെ പൊതുപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. പ്രവാസ ലോകത്തെ മരണങ്ങളിൽ അധികവും ഹൃദയാഘാതത്തെ തുടർന്നാണെന്ന് അഷ്റഫ് താമരശ്ശേരി പറയുന്നു. ജീവിത ശൈലിയാണ് ഇത്തരം അവസ്ഥയ്ക്ക് കാരണം. സമയത്തിന് ഭക്ഷണം കഴിക്കാത്തതും വ്യായാമമില്ലാത്തതും ടെൻഷനും ഹൃദയാഘാതം പോലുള്ള അസുഖങ്ങൾക്ക് കാരണമാകുമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു

കുറിപ്പിങ്ങനെ

ഇന്നലെ നാലു മലയാളികളുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്‌. രണ്ട് കണ്ണൂർ സ്വദേശികളും കൊച്ചി, തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരുടേതും. ഇതിൽ കണ്ണൂർ സ്വദേശിയായ 26 വയസ്സുകാരൻ യുവാവ് ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. ദുബൈയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ഈ യുവാവിനെ കുറിച്ച് സഹപ്രവർത്തകർക്ക് നല്ലത് മാത്രമേ പറയാനുള്ളൂ. വളരേ സൗമ്യമായി മാത്രം പെരുമാറുന്ന വ്യക്തിത്വമായിരുന്നു ഇദ്ദേഹം. ദൈവ വിധി നേരത്തേ വന്നു. ലംഘിക്കാൻ കഴിയാത്ത വിധി.

പ്രവാസ ലോകത്തെ മരണങ്ങളിൽ അധികവും ഹൃദയാഘാതത്തെ തുടർന്നാണ്. ജീവിത ശൈലിയാണ് ഇത്തരം അവസ്ഥയ്ക്ക് കാരണം. സമയത്തിന് ഭക്ഷണം കഴിക്കാത്തതും വ്യായാമമില്ലാത്തതും ടെൻഷനും ഹൃദയാഘാതം പോലുള്ള അസുഖങ്ങൾക്ക് കാരണമാകും. ഇത്തരം വിഷയങ്ങളിൽ പരമാവധി ശ്രാദ്ധ പുലർത്തേണ്ടിയിരിക്കുന്നു. ആരോഗ്യ രംഗത്തെ പ്രഗത്ഭർ നൽകുന്ന ഉപദേശങ്ങളെ നാം മുഖവിലക്കെടുക്കണം. കാരണം പ്രവാസി ഒരുപാട് പേരുടെ അത്താണിയാണ്.

സ്വന്തം ആരോഗ്യം കേടുകൂടാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കോരോരുത്തർക്കും ഉണ്ട്. മറ്റുള്ളവര്ക്ക് വേണ്ടി ജിവിക്കുന്ന കൂട്ടത്തിൽ സ്വന്തം ആരോഗ്യവും സംരക്ഷിക്കാനുള്ള ശ്രമങ്ങളും നടത്തുക. ഏവർക്കും നന്മകൾ ഉണ്ടായിരിക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു.