സ്വപ്‌നങ്ങള്‍ നെയ്ത് തീരുമ്പോഴേക്കും മരണം അവരെ കൂട്ടിക്കൊണ്ട് പോയി, പ്രവാസ ലോകത്തെ സങ്കടക്കടലിലാഴ്ത്തി രണ്ട് യുവാക്കളുടെ മരണം

പ്രവാസ ലോകത്തെ വീണ്ടും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് രണ്ട് യുവാക്കളുടെ മരണം. ജീവിതം കെട്ടിപ്പെടുക്കാന്‍ മണലാരണ്യത്തില്‍ എത്തി കാസര്‍ഗോഡ് സ്വദേശി ഫാറൂഖ്, മലപ്പുറം സ്വദേഷ് ഷുഹൈബ് എന്നിവരുടെ വിയോഗമാണ് തീരാനൊമ്പരമാകുന്നത്. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കുഞ്ഞു വീണ് മരിക്കുകയായിരുന്നു ഫാറൂഖ്. ശുഹൈബ് ദുബയില്‍ കളിക്കുന്നതിനിടെ വീണു മരിക്കുകയുമായിരുന്നു. ഇരുവരുടെയും മരണത്തിലെ വേദന പങ്കിട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വീണ്ടപം കണ്ണീര്‍ പടര്‍ത്തുകയാണ്.

അഷ്‌റഫ് താമരശേരി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ഇന്ന് രണ്ടു മൃതദേഹങ്ങളാണ് നാട്ടിലേക്ക് കയറ്റി അയച്ചത്. രണ്ടു ചെറുപ്പക്കാരുടെ മൃതദേഹങ്ങള്‍. കാസര്‍ഗോഡ് സ്വദേശി ഫാറൂഖ് എന്ന യുവാവ് ഷാര്‍ജയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. മറ്റൊരാള്‍ മലപ്പുറം കൂട്ടായി സ്വദേശി ശുഹൈബ് ദുബയില്‍ കളിക്കുന്നതിനിടെ വീണു മരിക്കുകയുമായിരുന്നു.

വളരെ വേദനയോട് കൂടിയാണ് ഇവരുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി നാടുവിട്ട കൊച്ചനുജന്മാര്‍. തങ്ങളുടെ കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങളെ കൈപിടിച്ച് ഉയര്‍ത്തുന്നതിനാണ് ഇവര്‍ നാട്ടിലെ പച്ചപ്പില്‍ നിന്നും പ്രവാസത്തിന്റെ മരുഭൂമിയിലേക്ക് വണ്ടി കയറിയത്. ചിരിച്ചും കളിച്ചും പ്രസരിപ്പോടെ ജീവിതം പടുത്തുയര്ത്തുന്നതിനിടെ കാലിടറിപ്പോയവര്‍. ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്ത് തീരുമ്പോഴേക്കും മരണം അവരെ കൂട്ടിക്കൊണ്ട് പോയി.

എത്രയോ ചെറുപ്പക്കാരാണ് ഈയിടെ വിടപറഞ്ഞു പോയത്. നാളെയുടെ വാഗ്ദാനങ്ങളായ യുവത്വങ്ങള്‍ വിടപറയുമ്പോള്‍ മനസ്സ് വല്ലാതെ നോമ്പരപ്പെടും. പ്രതീക്ഷകളോടെ കാത്തിരുന്നിരുന്ന കുടുംബങ്ങള്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍ എല്ലാവര്‍ക്കും തീരാനഷ്ടമാകും ഇവരുടെ വിയോഗം. ഇവരുടെ വേര്‍പാടില്‍ ദുഖമനുഭവിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് സര്‍വ്വേശ്വരന്‍ ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. കൊച്ചനുജന്മാര്‍ക്ക് ദൈവം സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെയെന്നു പ്രാര്‍ഥിക്കുകയാണ്.