ഒരു സ്വദേശിയുടെ കീഴില്‍ ഇത്രയും അധികം വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത വ്യക്തികള്‍ വേറെ ഉണ്ടാവില്ല, മൂസക്കയുടെ മരണത്തിൽ അഷ്റഫ്

മൂസയെന്ന നന്മയുള്ള മനുഷ്യന്റെ വേർപാടിനെക്കുറിച്ച് തുറന്നെഴുതുകയാണ് അഷ്റഫ് താമരശ്ശേരി. ജോലി അന്വേഷണാര്‍ഥം നാട്ടില്‍ നിന്നും കയറിവരുന്ന നിരവധി പേര്‍ക്ക് അത്താണിയായിരുന്നു മൂസക്ക. താമസിക്കാന്‍ ഇടവും തന്‍റെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണവും നല്‍കി മൂസക്ക അവരെയൊക്കെ പരിപാലിച്ച് പോന്നിരുന്നെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു

കുറിപ്പിറങ്ങനെ

മൂസക്കയുടെ അവസാന ശ്വാസവും യു.എ.ഇയിലായിരുന്നു. നിത്യവും നിരവധി പ്രവാസി സുഹൃത്തുക്കളുടെ മരണം സംഭവിക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലയക്കുന്ന മൃതദേഹങ്ങളില്‍ ചിലത് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും. അത്തരത്തിലുള്ളതായിരുന്നു മൂസ എന്ന ഈ പഴയ പ്രവാസിയുടെ മരണം. നീണ്ട 39 വർഷം യു.എ.ഇയില്‍ ജോലി ചെയ്ത വ്യക്തിയായിരുന്നു നടുവിലങ്ങാടി സ്വദേശി തറയൻ കണ്ടത്തിൽ പരേതനായ കാസ്മികുട്ടിക്കയുടെ മകൻ മൂസ( 57). ഒരു സ്വദേശിയുടെ കീഴില്‍ ഇത്രയും അധികം വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത വ്യക്തികള്‍ വേറെ ഉണ്ടോ എന്നറിയില്ല. തൊഴിലുടമയുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിഞ്ഞതായിരുന്നു മൂസക്കയുടെ ജീവിത വിശുദ്ധി. അറബിയുടെ നിരവധി കെട്ടിടങ്ങളുടെ മേല്‍നോട്ടക്കാരനായി മൂസാക്ക യു.എ.ഇയുടെ വിവധ മേഖലകളില്‍ ജോലി ചെയ്തു.

ജോലി അന്വേഷണാര്‍ഥം നാട്ടില്‍ നിന്നും കയറിവരുന്ന നിരവധി പേര്‍ക്ക് അത്താണിയായിരുന്നു മൂസക്ക. താമസിക്കാന്‍ ഇടവും തന്‍റെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണവും നല്‍കി മൂസക്ക അവരെയൊക്കെ പരിപാലിച്ച് പോന്നിരുന്നു. വാരാന്ത്യങ്ങളില്‍ സുഹൃത്തുക്കളും കുടുംബങ്ങളും മൂസക്കയോടൊപ്പം ഒത്ത് കൂടി അവധികള്‍ ആഘോഷമാക്കും. ഇതിനെല്ലാം മൂസക്കയുടെ അറബാബിനിന്‍റെ സഹകരണവും പിന്തുണയും ഉണ്ടായിരുന്നു. അസുഖ ബാധിതനായി അറബാബ് ഇഹലോകവാസം വെടിഞ്ഞതോടെ 39 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മൂസാക്കയും യു.എ.ഇയോട് വിടപറഞ്ഞു നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയതിന് ശേഷം മകളുടെ കല്യാണവും നടത്തി. ഇതിനിടയില്‍ ഒരു അറ്റാക്കും മൂസാക്കയെ തേടിയെത്തിയിരുന്നു.

ഒന്നര വര്ഷം പിന്നിടുമ്പോള്‍ യാദൃശ്ചികമായി പഴയ അറബാബിന്‍റെ കുടുംബം മൂസയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇത് പ്രകാരം വിസിറ്റ് വിസയില്‍ കഴിഞ്ഞ ദിവസം യു.എ.ഇയില്‍ എത്തിയതായിരുന്നു മൂസക്ക. വന്നിറങ്ങിയതിന്‍റെ അടുത്ത ദിവസം അറബാബിന്‍റെ കുടുംബത്തെ കാണാന്‍ ദുബയിലെ ബര്‍ഷയിലേക്ക് യാത്ര തിരിച്ചതായിരുന്നു. മൂസക്ക. യാത്രാ മദ്ധ്യേ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും താമസിയാതെ മരണം സംഭവിക്കുകയായിരുന്നു. നിരവധി വര്‍ഷം ജോലി ചെയ്ത് ജീവിച്ച രാജ്യത്ത് വെച്ച് തന്നെ മൂസക്കയുടെ അന്ത്യവും സംഭവിക്കുകയായിരുന്നു. അവസാന ശ്വാസവും ഇവിടെ വെച്ച് തന്നെയായിരിക്കണം എന്ന് തീരുമാനിച്ച് ഉടയതമ്പുരാന്‍ തിരിച്ചു വിളിച്ച പോലെ…. ചില വേര്‍പാടുകള്‍ ഇങ്ങിനെയാണ്‌. മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപാട് ഓര്‍മ്മകള്‍ നല്‍കിക്കൊണ്ട് കടന്നുപോകും. ചില ഓര്‍മ്മപ്പെടുത്തലുകള്‍ ബാക്കിയാക്കിയാണ് മൂസാക്കയും വിട പറയുന്നത്. അദ്ദേഹത്തിന്‍റെ പാരത്രിക ജീവിതം നന്മകളാല്‍ സമൃദ്ധമാകട്ടേയെന്ന് ആത്മാര്‍ഥമായി പ്രാര്‍ത്തിക്കുകയാണ്……