ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജീവൻ നിലച്ചു, പ്രവാസിയായ ചെറുപ്പക്കാരന്റെ മരണവാർത്ത പങ്കിട്ട് അഷ്റഫ് താമരശേരി

യുഎഇയിൽ കഴിഞ്ഞ നിര്യാതനായ ഒരു ചെറുപ്പക്കാരനെക്കുറിച്ച് സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ അഷ്‍റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് ആരുടെയും കണ്ണു നിറയ്ക്കും. കോട്ടയം ജില്ലക്കാരനായ യുവാവ് ജോലിക്കിടെ താമസ സ്ഥലത്തേക്ക് വന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മരണപ്പെട്ട സംഭവമാണ് അദ്ദേഹം ഫേസ്‍ബുക്ക് പോസ്റ്റിലൂടെ വിവരിച്ചത്. ഭക്ഷണം കഴിച്ച് മടങ്ങിവരാനുള്ള ഇടവേള സമയം അവസാനിച്ചിട്ടും കാണാതായപ്പോൾ ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരിച്ചില്ല. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ താമസ സ്ഥലത്ത് പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്നലെ മരണപ്പെട്ടവരിൽ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. കോട്ടയം ജില്ലക്കാരനായ ഒരു പ്രവാസി. പതിവ് പോലെ ജോലിക്ക് പോയ ഇദ്ദേഹം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി താമസ സ്ഥലത്തേക്ക് വന്നതായിരുന്നു. ഉച്ചക്കുള്ള ഇടവേള സമയവും കഴിഞ്ഞ് ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ എടുക്കുന്നുണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് സെക്യുരിറ്റി ജീവനക്കാരൻ താമസ സ്ഥലത്ത് ചെന്നപ്പോൾ ഈ യുവാവ് മരിച്ച് കിടക്കുന്നതാണ് കണ്ടത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അവസാന ശ്വാസവും നിന്നുപോവുകയായിരുന്നു. ഭക്ഷണം വാരിക്കഴിച്ച കയ്യുമായി അന്ത്യയാത്ര.

ജീവിതത്തിൻറെ രണ്ടറ്റം മുട്ടിക്കാൻ പ്രവാസലോകത്ത്‌ എത്തിയ ചെറുപ്പക്കാരൻ. തൻറെയും കുടുംബത്തിൻറെയും അന്നം തേടി കടൽ കടന്ന പ്രവാസിയുടെ ജീവിതം ഭക്ഷണത്തിന് മുന്നിൽ വെച്ച് അവസാനിക്കുന്നു. ജോലിയിൽ വ്യാപൃതനായിരിക്കെ വിശന്നപ്പോൾ ഓടിച്ചെന്ന് ഭക്ഷണം വാരിക്കഴിക്കുമ്പോൾ ഈ സഹോദരൻ അറിഞ്ഞിട്ടുണ്ടാകില്ല ഇത് തൻറെ അവസാനത്തെ അന്നമാണെന്ന്. ഏറെ സങ്കടകരമായ അവസ്ഥ. … കുടുംബവും പ്രിയപ്പെട്ടവരും എങ്ങിനെ സഹിക്കുമെന്നറിയില്ല. വേദനാജനകമായ അവസ്ഥ. പ്രിയപ്പെട്ട സഹോദരൻറെ കുടുംബത്തിനും കൂട്ടുകാർക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിലുല്ലവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ