നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ പൊന്നോമന മക്കൾ വിട പറഞ്ഞു പോയാൽ ആർക്കാണ് സഹിക്കാൻ കഴിയുക.

പ്രവാസ രാജ്യങ്ങളിൽ മരണപ്പെട്ടവരെ സ്വന്തം നാടുകളിലേയ്ക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നയാളാണ് പൊതു പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി. കഴിഞ്ഞ ദിവസം 5 പേരുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്കയച്ചത്. മരണപ്പെട്ടവരിൽ അധികവും ഹൃദയാഘാതം, ആത്മഹത്യ, അപകടം എന്നിവ മൂലമാണ്. ഇതിൽ ഇന്ത്യക്കാരിയായ 14 വയസ്സുകാരി ഒരു വിദ്യാർത്ഥിനി മരണപ്പെട്ടിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. നടപടിക്രമങ്ങൾ ഏതാണ്ട് എല്ലാം പൂർത്തിയാക്കി എംബാമിംഗ് സെന്ററിൽ മൃതദേഹം ഉറ്റവർക്കായി ദർശനത്തിന് വെച്ച സമയം. കുട്ടിയുടെ പിതാവ് നിയന്ത്രണം വിട്ട് വാവിട്ട് കരയുകയും മൃതദേഹത്തെ കെട്ടിപ്പിടിച്ച് വല്ലാത്ത ഒരവസ്ഥയിലേക്ക് എത്തുകയും ചെയ്തു. കണ്ട് നിന്നവരുടെ കരളലിയിക്കുന്ന രംഗമായിരുന്നു അതെന്ന്, അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിങ്ങനെ

ഇന്ന് 5 പേരുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്കയച്ചത്. നോമ്പിന്റെയും ചൂട് കാലാവസ്ഥയുടെയും ഇടയിലൂടെയുള്ള ഓട്ടത്തിനിടെ ക്ഷീണം പ്രവർത്തനങ്ങളിൽ ബാധിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. അതിൽ പരമാവധി വിജയിക്കാറുമുണ്ട്. ഇടക്ക്‌ അല്പം വിശ്രമിക്കാം എന്ന് ചിന്തിക്കാൻ പോലുമാകാത്ത അവസ്ഥകളാണല്ലോ നമുക്ക് മുന്നിൽ. ഉള്ള ഊർജ്ജം കൈമുതലാക്കി പരമാവധി മുന്നോട്ട് പോകും. ഇതിനിടയിലും നമ്മെ തളർത്തിക്കളയുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഈ മരണപ്പെട്ടവരിൽ അധികവും ഹൃദയാഘാതം, ആത്മഹത്യ, അപകടം എന്നിവ മൂലമാണ്.

ഇതിൽ ഇന്ത്യക്കാരിയായ 14 വയസ്സുകാരി ഒരു വിദ്യാർത്ഥിനി മരണപ്പെട്ടിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. നടപടിക്രമങ്ങൾ ഏതാണ്ട് എല്ലാം പൂർത്തിയാക്കി എംബാമിംഗ് സെന്ററിൽ മൃതദേഹം ഉറ്റവർക്കായി ദർശനത്തിന് വെച്ച സമയം. കുട്ടിയുടെ പിതാവ് നിയന്ത്രണം വിട്ട് വാവിട്ട് കരയുകയും മൃതദേഹത്തെ കെട്ടിപ്പിടിച്ച് വല്ലാത്ത ഒരവസ്ഥയിലേക്ക് എത്തുകയും ചെയ്തു. കണ്ട് നിന്നവരുടെ കരളലിയിക്കുന്ന രംഗമായിരുന്നു അത്. ഈ രംഗം എന്റെ മനസ്സിനെയും വല്ലാതെ നൊമ്പരപ്പെടുത്തി. കണ്ട് നിൽക്കാനാകാതെ അവിടെ നിന്ന് മാറി നിന്നെങ്കിലും പിന്നീട് തിരികേ വന്ന് പിതാവിനെ ഒരുവിധത്തിൽ എല്ലാവരും കൂടി സ്വാന്തനിപ്പിച്ച് ബാക്കി നടപടിക്രമങ്ങൾ കൂടി പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്കയച്ചു. ഈ സംഭവം എന്റെ മനസ്സിൽ മായാതെ നോവായി ഇപ്പോഴും നിൽക്കുന്നു. നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ പൊന്നോമന മക്കൾ വിട പറഞ്ഞു പോയാൽ ആർക്കാണ് സഹിക്കാൻ കഴിയുക. അവരില്ലാത്ത വീട്ടിലേക്ക് എങ്ങിനെയാണ് കയറിച്ചെല്ലാൻ കഴിയുക…?

ആ പിതാവിന്റെ അവസ്ഥ ആലോചിക്കുമ്പോൾ തന്നെ ഇടനെഞ്ചിൽ വല്ലാത്ത ഭാരം അനുഭവപ്പെടുന്നു….ഇത്തരം അവസ്ഥകളെ തൊട്ട് നമ്മെ എല്ലാവരെയും കാക്കണേ എന്ന പ്രാര്ഥനകളാണ് എന്റെ മനസ്സിൽ. പരിശുദ്ധ റമദാൻ മാസത്തിൽ നമ്മുടെ പ്രാർത്ഥനകൾ സ്വീകരിക്കുമാറാകട്ടെ…. നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയുമാറാകട്ടെ…..