രണ്ട് പെണ്മക്കളായിരുന്നു, കൊറോണ കാരണം മൂത്തമകളുടെ വിവാഹാവശ്യങ്ങള്‍ക്ക് പോലും നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല, കുറിപ്പ്

കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ച മഞ്ചേരി സ്വദേശി നാരായണന്‍ കുട്ടിയെക്കുറിച്ച് യുഎഇയിലെ പൊതു പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അജ്‌മാനിലെ സ്വർണ്ണപ്പണിക്കാരനായ നാരായണൻ കുട്ടിയടക്കമുള്ളവരുടെ ജീവിതോപാധിയെ കോവിഡ് നേരത്തേ തന്നെ കടന്നാക്രമിച്ചിരുന്നു. മകളുടെ വിവാഹാവശ്യാര്ഥം നാട്ടിലേക്കു പോകാൻ പോലും ചുറ്റുപാടുകൾ അനുവദിച്ചിരുന്നില്ല. ഓരോ രക്ഷിതാക്കളുടെയും ജിവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരിക്കും തന്റെ പൊന്നോമനകളുടെ സന്തോഷത്തിൽ പങ്കുചേരുക എന്നതെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ചില മരണങ്ങൾ നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തും. ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരായിരിക്കും. എന്നാലും ചിലരുടെ ജീവിത സാഹചര്യം അടുത്തറിയുമ്പോൾ വല്ലാത്ത വേദന അനുഭവപ്പെടും.കോവിഡ് ബാധയെ തുടർന്നായിരുന്നു മഞ്ചേരി സ്വദേശിയായ സഹോദരൻ നാരായണൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് കാര്യമായ ശ്വാസതടസ്സം നേരിട്ടിരുന്നു. നെഗറ്റിവ് ആയെങ്കിലും കോവിഡ് നാരായണൻ കുട്ടിയുടെ ശരീരത്തെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു. ഇരുപത് ദിവസത്തോളമുള്ള ആശുപത്രി വാസത്തിനൊടുവിൽ സഹോദരൻ മരണത്തിന് കീഴടങ്ങി.

രണ്ട് പെണ്മക്കളായിരുന്നു ഈ പ്രവാസിയുടെ ഏറ്റവും വലിയ സമ്പത്ത്. മൂത്ത മകൾക്ക് വിവാഹാന്വേഷണങ്ങൾ വന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അജ്‌മാനിലെ സ്വർണ്ണപ്പണിക്കാരനായ നാരായണൻ കുട്ടിയടക്കമുള്ളവരുടെ ജീവിതോപാധിയെ കോവിഡ് നേരത്തേ തന്നെ കടന്നാക്രമിച്ചിരുന്നു. മകളുടെ വിവാഹാവശ്യാര്ഥം നാട്ടിലേക്കു പോകാൻ പോലും ചുറ്റുപാടുകൾ അനുവദിച്ചിരുന്നില്ല. ഓരോ രക്ഷിതാക്കളുടെയും ജിവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരിക്കും തന്റെ പൊന്നോമനകളുടെ സന്തോഷത്തിൽ പങ്കുചേരുക എന്നത്.

നമുക്ക് ആഗ്രഹിക്കാനും മോഹിക്കാനും മാത്രമേ കഴിയൂ. വിധി മറിച്ചാണെങ്കിൽ നിസ്സാരരായ നമുക്ക് എന്ത് ചെയ്യാൻ കഴിയും. പ്രവാസ ലോകത്തിരുന്ന് ഇതു പോലെ സ്വപ്നം നെയ്യുന്നവരാണ് ഞാനടക്കമുള്ളവർ. നാരായണൻ കുട്ടിയുടെ കുടുംബത്തിന് ക്ഷമയും സമാധാനവും കൈവരിക്കാനാകട്ടെയെന്ന് പ്രാർത്ഥിക്കുകയാണ്