5 പ്രവാസികളുടെ മൃതദേഹമാണ് നാട്ടിലേക്ക് അയച്ചത്, അതിൽ 3 പേർ ആത്മഹത്യ ചെയ്തവരാണ്- അഷറഫ് താമരശ്ശേരി

ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ജീവിതത്തെ എങ്ങനെ മുന്നോട്ട് നയിക്കാമെന്ന അറിവ് കൂടി വരും തലമുറക്ക് ലഭ്യമാക്കണമെന്ന് പറയുകയാണ് യു എ ഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. ഇന്നലെ അഞ്ച് മലയാളികളുടെ മൃതദേഹമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. ഇതില്‍ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തവരായിരുന്നു. വിവാഹം പോലും കഴിച്ചിട്ടില്ലാത്ത വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍. ഉന്നതമായ വിദ്യാഭ്യാസം ലഭിച്ചിട്ട് ജോലി ലഭിക്കാതെ വന്നത്, ഉള്ള ജോലി നഷ്ടപ്പെട്ടത് തുടങ്ങിയ കാരണങ്ങളാണ് ഇത്തരം ചെറുപ്പങ്ങളെന്ന് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്നലെ 5 മലയാളികളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്‌. ഇതിൽ 3 പേർ ആത്മഹത്യ ചെയ്തവരായിരുന്നു. വിവാഹം പോലും കഴിച്ചിട്ടില്ലാത്ത വിദ്യാസമ്പന്നരായ ചെറുപ്പക്കാർ. ഉന്നതമായ വിദ്യാഭ്യാസം ലഭിച്ചിട്ട് ജോലി ലഭിക്കാതെ വന്നത്, ഉള്ള ജോലി നഷ്ടപ്പെട്ടത് തുടങ്ങിയ കാരണങ്ങളാണ് ഇത്തരം ചെറുപ്പങ്ങളെ മരണത്തിലേക്കുള്ള വഴി നടത്തുന്നത്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരും. അതെല്ലാം അർഹിക്കുന്ന പ്രാധാന്യത്തോടെ നേരിടാൻ നമ്മുടെ പുതു തലമുറക്ക് കഴിയാതെ പോകുന്നുവോ സംശയിക്കാൻ എന്ന് ഇത്തരം സംഭവങ്ങൾ ഇടയാക്കുന്നു.

ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ജീവിതത്തെ എങ്ങിനെ മുന്നോട്ട് നയിക്കാം എന്ന അറിവ്‌ കൂടി വരും തലമുറക്ക് ലഭ്യമാക്കണം. പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടാതെ ധീരമായി നേരിടാൻ നമ്മുടെ ചെറുപ്പങ്ങൾക്ക് വഴികാട്ടാൻ സമൂഹത്തിന് ബാധ്യതയുണ്ട്. ഒരു പ്രവാസി ജീവിതം വിട്ടൊഴിയുമ്പോൾ നിരവധി കുടുംബങ്ങളെയാണ് അത് പല തരത്തിലും ബാധിക്കുന്നത്. നമ്മിൽ നിന്നും അകാലത്തിൽ വിട്ടു പിരിഞ്ഞ സഹോദരങ്ങൾക്ക് ഉടയ തമ്പുരാൻ നന്മകൾ വാർഷിക്കുമാറാകട്ടെ. അവരുടെ കുടുംബങ്ങൾക്കും ഉറ്റവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.