മരണം എപ്പോഴും അടുത്തുണ്ട്, നാളെക്കാണാം എന്ന് പറഞ്ഞു പിരിഞ്ഞവൻ പിറ്റേന്ന് ഒരു കഷണം വെളളത്തുണിയിൽ പൊതിഞ്ഞു കിടക്കുന്നു.

ജീവിച്ചിരുന്നപ്പോൾ നമ്മൾ അലങ്കരിച്ചിരുന്ന പദവികൾ, അധികാരങ്ങൾ,മതം,ജാതി,നിറം ഒക്കെ അവസാനിക്കുകയാണ്.എന്തിന് സ്വന്തം പേരുപോലും നഷ്ടപ്പെടുന്ന അവസ്ഥ.നമ്മുടെ ശരീരത്തിൽ നിന്നും അവസാനത്തെ ശ്വാസം വരെ നിലക്കുമ്പോൾ ഈ ഭൂമിയിൽ നമ്മൾ ചെയ്ത നന്മ,തിന്മകൾ മാത്രം ബാക്കിയാകും,ഇതിൽ രണ്ടിലാകും പിന്നെ നമ്മൾ അറിയപ്പെടുകയെന്ന് യുഎഇയിലെ പൊതുപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി, കഴിഞ്ഞ ദിവസം നാട്ടിലേക്കയച്ച മൂന്ന് മയ്യത്തുകളെക്കുറിച്ചാണ് അഷ്റഫ് ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്.

ഇന്ന് രണ്ട് പേരുടെ മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്.ഒരാൾ തിരുവല്ല സ്വദേശി ഫിലിപ്പ് വർഗ്ഗീസ്,മറ്റെയാൾ പെരുമ്പാവൂർ സ്വദേശി രാഘവൻ,രണ്ട് പേരും ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.ഷാർജയിൽ നിന്നും കൊച്ചിയിലേക്കുളള വിമാനത്തിലാണ് രണ്ട് മൃതദേഹങ്ങളും അയച്ചത്. ഷാർജയിലുളള കാർഗോ ഡിവിഷണലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അറബി ഉദ്യോഗസ്ഥൻ എന്നോട് ,ഈ മയ്യത്തുകൾ ഏത് വിമാനതാവളത്തിലേക്കാണ് അയക്കേണ്ടത് എന്ന് ചോദിക്കുകയുണ്ടായി.സാധാരണ ഇൻഡ്യയിലെ എല്ലാ വിമാനതാവളങ്ങളിലും മയ്യത്തുകൾ അയക്കുമ്പോൾ പൊതുവെ ഓഫീസർ ഇങ്ങനെ ചോദിക്കാറുളളത് സ്വഭാവികമാണ്.എന്നാൽ എനിക്ക് നിങ്ങളോട് പറയാനുളളത് അതല്ല,ആ ഉദ്യോഗസ്ഥൻ ഉപയോഗിച്ച “മയ്യത്ത്” എന്ന വാക്കാണ്.മയ്യത്ത് എന്ന് മാത്രമെ മരിച്ചവരെ കുറിച്ച് പറയാറുളളു. അല്ലാതെ പേരുകൾ പറയാറില്ല. അവിടെ ഫിലിപ്പില്ല, രാഘവിനുമില്ല മുഹമ്മദുമില്ല,മരിച്ചവർ മയ്യത്തുകളാവുകയാണ്.

വലിയൊരു അത്ഭുതമാണ് ഇവിടെ സംഭവിക്കുന്നത് എന്ന് ആരെങ്കിലും ചിന്തിക്കറുണ്ടോ, ജീവിച്ചിരുന്നപ്പോൾ നമ്മൾ അലങ്കരിച്ചിരുന്ന പദവികൾ, അധികാരങ്ങൾ,മതം,ജാതി,നിറം ഒക്കെ അവസാനിക്കുകയാണ്.എന്തിന് സ്വന്തം പേരുപോലും നഷ്ടപ്പെടുന്ന അവസ്ഥ.നമ്മുടെ ശരീരത്തിൽ നിന്നും അവസാനത്തെ ശ്വാസം വരെ നിലക്കുമ്പോൾ ഈ ഭൂമിയിൽ നമ്മൾ ചെയ്ത നന്മ,തിന്മകൾ മാത്രം ബാക്കിയാകും,ഇതിൽ രണ്ടിലാകും പിന്നെ നമ്മൾ അറിയപ്പെടുക.ഇത് ആരെങ്കിലും ചിന്തിക്കാറുണ്ടോ, പിന്നെയെന്തിനാണ് ജാതിയുടെയും മതത്തിൻ്റെയും പേരിൽ വേർതിരിക്കുന്നത്.ഇന്ന് സമൂഹത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ കാണുമ്പോഴും വായിക്കുമ്പോഴും എനിക്ക് പലപ്പോഴും തോന്നിപോകാറുണ്ട്.മനുഷ്യൻ ഇതൊന്നും ചിന്തിക്കാറില്ലേയെന്ന്.

എത്രയെത്ര മരണങ്ങളെയാണ് നമ്മൾ ദിനംപ്രതി അഭിമുഖീകരിക്കുന്നത്. നാളെക്കാണാം എന്ന് യാത്ര പറഞ്ഞു പിരിഞ്ഞവൻ പിറ്റേന്ന് ഒരു കഷണം വെളളത്തുണിയിൽ പൊതിഞ്ഞു കിടക്കുന്നു.മരണം എപ്പോഴും അടുത്തുണ്ട് എന്ന് ചിന്തിക്കുക. ജീവിച്ചിരിക്കുന്ന കാലത്തോളം മനുഷൃനെ സ്നേഹിച്ചും,പരസ്പരം സഹായിച്ചും ജീവിക്കുക.അതുകൊണ്ട് എത്രക്കാലം ഈ ദുനിയാവിൽ ജീവിച്ച് എന്നല്ല,ഇത്രയും കാലം വരെയും ഇവിടെ ജീവിച്ചിരിക്കുന്നു എന്നതിലാണ് അത്ഭുതമിരിക്കുന്നത്.