ജീവിച്ചതും മരിച്ചതും അവസാന യാത്രയും ഒരുമിച്ച്, നോവായി മണിക്കൂറിന്റെ വിത്യാസത്തിലുള്ള ദമ്പതികളുടെ മരണം

തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി സ്വദേശി ജേക്കബ് വിൻസൻറ് (68), ഭാര്യ ഡെയ്‌സി (63) എന്നിവരുടെ മരണത്തെക്കുറിച്ച് യുഎഇയിലെ പൊതു പ്രവർത്തകൻ അഷറഫ് താമരശ്ശേരി പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. ഭർത്താവ് മരിച്ച് ഒരു മണിക്കൂർ കഴിയുമ്പോഴായിരുന്നു ഡെയ്സിയും അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഇരുവരെയും മരണം. ‘ജീവിച്ചതും മരിച്ചതും അവസാന യാത്രയായതും ഒന്നിച്ച്.’ എന്നായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്കയച്ച വാർത്ത പങ്കിട്ട് അഷ്റഫ് താമരശേരി ഫേസ്ബുക്കിൽ കുറിച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം

ജീവിച്ചതും മരിച്ചതും അവസാന യാത്രയായതും ഒന്നിച്ച്. തൃശൂർ ഇരിഞ്ഞാലക്കുട താണിശ്ശേരി സ്വദേശി ജേക്കബ് വിൻസന്റ്(68), ഭാര്യ ഡെയ്‌സി (63) എന്നിവരാണ് കഴിഞ്ഞ ദിവസം ഷാർജയിൽ മരണപ്പെട്ടത്. ഇരുവരുടെയും മൃതദേഹം ഇന്ന് നാട്ടിലേക്ക് അയച്ചു. ഭർത്താവ് മരണപ്പെട്ട് ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കും പ്രിയതമയും മരണത്തിന് കീഴടങ്ങി. ഒന്നിച്ച് ജീവിച്ചവർ മരണത്തിലും ഒന്നിച്ചു. ഇവരുടെ ഊഷ്മളമായ ഹൃദയ ബന്ധമായിരിക്കാം മരണത്തിലും കൂടെപ്പോകാൻ വഴിവെച്ചത്. രണ്ട് പേരും ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. അസുഖബാധിതനായി ചികിത്സയിലായിരുന്ന വിന്സന്റിനെ പരിചരിക്കാൻ എത്തിയ ഭാര്യയെ ഭർത്താവിന്റെ അപ്രതീക്ഷിതമായ മരണം തളർത്തിക്കളയുകയായിരുന്നു.

ഭർത്താവിന്റെ അവസാന ശ്വാസവും നിലച്ച് പോയെന്ന സത്യം തിരിച്ചറിഞ്ഞ പ്രിയതമ ഏറെ ദുഖിതയായിരുന്നു. ഉൾക്കൊള്ളാൻ കഴിയാത്ത ദുഃഖം താങ്ങാൻ കഴിയാതെ പ്രിയപ്പെട്ടവളുടെ ഹൃദയവും നിശ്ചലമാവുകയായിരുന്നു. തന്റെ പ്രിയപ്പെട്ടവനില്ലാത്ത ലോകത്തിന്റെ ശൂന്യതയെ താങ്ങാനാകാതെ വിങ്ങിപ്പൊട്ടിയ ഹൃദയം. വിരഹത്തിന്റെ നൊമ്പരങ്ങളില്ലാത്ത ലോകത്തേക്ക് ഇരുവരും ഒന്നിച്ച് യാത്രയായി. ജീവിതത്തിൽ നിന്നും ഒന്നിച്ച് യാത്രയായവർ നാട്ടിലേക്ക് യാത്രയായതും ഒന്നിച്ച്. ചിരികളികളില്ലാതെ, യാത്ര ചോദിക്കലില്ലാതെ… ഉരുവിടലുകളില്ലാതെ, അനങ്ങാതെ നിശ്ചലമായി ഒരേ വിമാനത്തിൽ അവർ യാത്രയായി.