അമ്മയുടെ മൃതദേഹവുമായി നാട്ടിലേക്ക് പോയത് 8വയസ്സ് മാത്രം പ്രായമുളള മകൾ, ഹൃദയം തൊടും കുറിപ്പ്

തിരുവനന്തപുരം കാരേറ്റിനടുത്തുളള മൂങ്കോട് സ്വദേശിയായ നാൽപ്പത് വയസ്സുളള രാജിയുടെ മരണത്തെക്കുറിച്ച് ദുബൈയിലെ സാമൂഹ്യ പ്രവർത്തകനായ അഷ്​റഫ്​ താമരശേരി പങ്കുവെച്ച കുറിപ്പ് ഹൃദയഭേ​ദ​ഗമാണ്. 9​ വർഷങ്ങൾക്ക് മുമ്ബ് മൂത്ത മകളെ ഗർഭത്തോടെ ഇരിക്കുമ്പോഴാണ് രാജി ആദ്യമായി ഗൾഫിലേക്ക് വരുന്നത്. ഇന്ന്​ രാജിയുടെ മൃതദേഹവുമായി നാട്ടിലേക്ക്​ മടങ്ങിയത്​ എട്ട്​ വയസ്സ് മാത്രം പ്രായമുള്ള ആ മകളാണ്. രാജിയുടെ പെട്ടെന്നുണ്ടായ മരണമറിഞ്ഞ ഇളയമകൾ തലകറങ്ങി വീണു. ഐ.സി.യുവിൽ അഡ്​മിറ്റായ ആ മകളുടെ അടുത്താണ്​ ഷാർജയിലെ സ്വകാര്യ കമ്പനി ജീവനക്കാരൻ അച്ഛൻ സജികുമാർ. ഇതോടെയാണ്​ എട്ട്​ വയസുകാരിക്ക്​ നാട്ടിലേക്ക്​ അമ്മയുടെ മൃതദേഹവുമായി ഒറ്റക്ക്​ വരേണ്ടി വന്നത്​.

കുറിപ്പിങ്ങനെ

ഇന്ന് നാട്ടിലേക്കയച്ച മൃതദേഹം തിരുവനന്തപുരം കാരേറ്റിനടുത്തുളള മൂങ്കോട് സ്വദേശി നാൽപ്പത് വയസ്സുളള രാജിയുടെതായിരുന്നു.മരണകാരണം Cardiac Arrest ആയിരുന്നു.മൃതദേഹവുമായി നാട്ടിലേക്ക് പോയത് 8വയസ്സ് മാത്രം പ്രായമുളള മകളാണ്.ഏതാണ്ട് 9 വർഷങ്ങൾക്ക് മുമ്പ് മൂത്ത മകളെ ഗർഭത്തോടെ ഇരിക്കുമ്പോഴാണ് രാജി ആദ്യമായി ഗൾഫിലേക്ക് വരുന്നത്.ഭർത്താവ് സജികുമാർ ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. സുരക്ഷിതമായി അമ്മയുടെ കരുതലിലൂടെ ഈ ഭൂമിയിൽ ജീവിക്കാൻ അവസരം കിട്ടിയ ആ മകൾ തന്നെ നിശ്ചലമായ അമ്മയുടെ ശരീരവുമായി നാട്ടിലേക്ക് പോകേണ്ട വിധി.

ഷാർജ വിമാനതാവളത്തിൽ നിന്നും തിരുവന്തപുരത്തേക്ക് വിമാനം പറക്കുമ്പോൾ ഇങ്ങ് ഇവിടെ ഷാർജയിൽ അൽ ഖാസ്മി ആശുപത്രിയിലെ കുട്ടികളുടെ ICCU വാർഡിൻറെ മുമ്പിൽ ഇളയമകളുടെ ജീവന് വേണ്ടി ദെെവത്തോട് യാചിച്ചുകൊണ്ട് വിതുമ്പുകയാണ് ഒരു അച്ഛൻ, അതെ സജികുമാർ ഇന്നലെ ICCU യുവിൻറെയും മോർച്ചറിയുടെയും ഇടയിലായിരുന്നു അയാളുടെ ജീവിതം.ഇന്ന് ഭാര്യ രാജിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുമ്പോൾ തൻറെ പ്രിയപ്പെട്ടവൾക്ക് അവസാനമായി അന്ത്യകർമ്മം പോലും ചെയ്യുവാൻ പോലും കഴിയാത്ത ഒരു നിസ്സഹായവസ്ഥ.

എന്തൊരു വിധിയാണ് ദെെവമേ,ദുരന്തങ്ങൾ ഒന്നിന് പുറകെ ഒന്നായി,രാജിയുടെ പെട്ടെന്നുണ്ടായ മരണം ഇളയമകളെ കാര്യമായി ബാധിച്ചു. നിൽക്കുന്ന നിൽപ്പിൽ ആ കുഞ്ഞുമകൾ തലകറങ്ങി വീഴുകയായിരുന്നു.ഒരു വശത്ത് നിശ്ചലമായി കിടന്നുറങ്ങുന്ന സഹധർമ്മിണി രാജി, മറ്റൊരു വശത്ത് ജീവിന് വേണ്ടി മല്ലിടുന്ന ഇളയ മകൾ.വല്ലാത്ത ഒരു അവസ്ഥ,ദെെവമെ ഇങ്ങനെ ഒരു വിധി ആർക്കും വരുത്തരുതെയെന്ന് പ്രാർത്ഥിച്ചുപോയി.

ഷാർജ വിമാനത്തിൽ മൃതദേഹം കയറ്റി അയച്ചിട്ട് ഞാൻ നേരെ പോയത് അൽ ഖാസ്മി ആശുപത്രിയിലേക്കായിരുന്നു.അവിടെ ചെല്ലുമ്പോൾ ICCU യുവിൻറെ മുന്നിൽ തളർന്നു നിൽക്കുകയാണ് ആ പാവം മനുഷ്യൻ,കണ്ണുനീർ വറ്റിപോയിരിക്കുന്നു.മുഖത്ത് എല്ലാം നഷ്ടപ്പെട്ടവൻറെ ഭാവം.ഇല്ല സഹോദരാ നീ ഈ മക്കൾക്ക് വേണ്ടി ജീവിക്കണം.തളരരുത്, നീയും കൂടി ഇല്ലാതായാൽ ഈ പിഞ്ചുമക്കൾക്ക് ആരാണ് ഉളളത്.
വിധിയെ തടയുവാൻ ആർക്കും കഴിയില്ല,വിധിയുടെ മനുഷ്യരായ നമ്മൾ എത്രയോ നിസാരൻ.