ആറടി മണ്ണ് ഒരുക്കാന്‍ പോലും മനസ്സ് കാണിച്ചില്ല, ചിലര്‍ വിട പറഞ്ഞു പോകുന്നത് അങ്ങിനെയാണ്- അഷ്റഫ് താമരശേരി

പ്രവാസ ലോകത്ത് മരണപ്പെട്ട ഒരു മനുഷ്യന്‍റെ ദയനീയ അവസ്ഥ പങ്കിട്ട് യുഎഇയിലെ പൊതു പ്രവർത്തകൻ അഷ്റഫ് താമരശേരി. ഒരുപാട് കാലം ചോര നീരാക്കി കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി ജീവിതം ഹോമിച്ച ഒരു മനുഷ്യന് വീഴ്ച്ച വന്നതോടെ എല്ലാവരും മുഖം തിരിഞ്ഞു നില്‍ക്കുന്ന അവസ്ഥ. മരണവിവരം വീട്ടിലറിയിച്ചു. ഭാര്യയും കുട്ടികളും മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചു. പെങ്ങളെ വിവരം അറിയിച്ചു. അവര്‍ക്കും വേണ്ട. പിന്നീട് ഇദ്ദേഹത്തിന്‍റെ നാട്ടിലെ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. അവരുടെ ഇടപെടല്‍ മൂലം മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള സൗകര്യം ഒരുക്കി. ഒന്നര മാസം ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചെന്ന് അഷ്റഫ് താമരശേരി പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

പ്രവാസ ലോകത്ത് മരണപ്പെട്ട ഒരു മനുഷ്യന്‍റെ ദയനീയ അവസ്ഥയാണ് ഇന്ന് എനിക്ക് നിങ്ങളോട് പങ്കുവെക്കാനുള്ളത്. ഗള്‍ഫിലും മറ്റു രണ്ടു രാജ്യങ്ങളിലും തരക്കേടില്ലാത്ത ബിസിനസ് നടത്തി വന്നിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇടക്ക് വെച്ച് പല പ്രതിസന്ധികളും വന്ന് കച്ചവടം പരാജയപ്പെട്ടു. ആ വിഷമാവസ്ഥയില്‍ അകപ്പെട്ടിരിക്കെ ഒരു മാസം മുന്‍പ് മരണം ഇദ്ദേഹത്തിന്‍റെ അരികിലെത്തി.

മരണവിവരം വീട്ടിലറിയിച്ചു. ഭാര്യയും കുട്ടികളും മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചു. പെങ്ങളെ വിവരം അറിയിച്ചു. അവര്‍ക്കും വേണ്ട. പിന്നീട് ഇദ്ദേഹത്തിന്‍റെ നാട്ടിലെ സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. അവരുടെ ഇടപെടല്‍ മൂലം മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള സൗകര്യം ഒരുക്കി. ഒന്നര മാസം ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. ഒരുപാട് കാലം ചോര നീരാക്കി കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി ജീവിതം ഹോമിച്ച ഒരു മനുഷ്യന് ഒരു വീഴ്ച്ച വന്നതോടെ എല്ലാവരും മുഖം തിരിഞ്ഞു നില്‍ക്കുന്ന അവസ്ഥ.

ഇദ്ദേഹത്തിന്‍റെ നല്ല കാലത്ത് എല്ലാ സൗകര്യങ്ങളും അനുഭവിച്ച ഏറ്റവും അടുത്ത ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കാതെ അനാഥമായി മരവിച്ച് മോചനം കാണാതെ ഫ്രീസറില്‍ കഴിയേണ്ടി വരുന്ന ഒരു മനുഷ്യന്‍. ചിലര്‍ വിട പറഞ്ഞു പോകുന്നത് അങ്ങിനെയാണ്. ഒരുപാട് പേരെ സഹായിച്ച് എല്ലാം നഷ്ടപ്പെടുത്തി അനാഥമായിപ്പോകുന്നവര്‍. ആര്‍ക്ക് വേണ്ടിയാണോ ജീവിച്ചു തീര്‍ത്തത് അവര്‍ പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥ…. എല്ലാം നഷ്ടപ്പെടുന്നവന്‍റെ അവസ്ഥ അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ…അവസാനമായി ആറടി മണ്ണ് ഒരുക്കാന്‍ പോലും മനസ്സ് കാണിക്കാത്തവര്‍ക്ക് വേണ്ടിയുള്ള ഓടിപ്പാച്ചലുകളാണ് ഈ മനുഷ്യനെ അവസാനം മരണത്തിലേക്ക് കൊണ്ടെത്തിച്ചത്. എന്നിട്ടും മുഖം തിരിച്ചു കളയുന്നവരെ കുറിച്ച് എന്ത് പറയാന്‍….