നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം. ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കത്തിനിടയില്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. തിരുവനന്തപുരം കോര്‍പറേഷനിലെ കത്തുവിവാദത്തില്‍ ഇന്നു മന്ത്രി വിളിച്ചു ചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടികളുടെ യോഗവും വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയ അനുനയനീക്കങ്ങളുടെ അന്തരീക്ഷവുമാണ് സഭയ്ക്കു പുറത്ത്.

എന്നാല്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ അവതരിപ്പിക്കുന്നത് ഉള്‍പ്പെടെ ഉള്ള പ്രധാന നിയമ നിര്‍മാണങ്ങള്‍ക്കാണു സഭ ചേരുന്നത്. ഈ ബില്‍ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഇല്ല. ബില്ലില്‍ ലീഗ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന്റെ നിലപാട് സര്‍ക്കാര്‍ ഉറ്റുനോക്കുന്നുണ്ട്. അതേസമയം, തിരുവനന്തപുരം കോര്‍പറേഷനിലെ ഉള്‍പ്പെടെ താല്‍ക്കാലിക നിയമനങ്ങള്‍, വിഴിഞ്ഞം സമരം, സില്‍വര്‍ ലൈന്‍ പദ്ധതി നടപടികളില്‍ നിന്നുള്ള പിന്മാറ്റം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ പ്രതിപക്ഷം ഇത്തവണ ആയുധമാക്കും.

ശശി തരൂരിന്റെ പര്യടനം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ കൊണ്ട് പ്രതിപക്ഷത്തെ നേരിടാനാകും ഭരണപക്ഷത്തിന്റെ ശ്രമം. ഭരണപക്ഷത്തെ മുന്നണി പോരാളിയായിരുന്ന എഎന്‍ ഷംസീര്‍ സ്പീക്കറായി സഭ നിയന്ത്രിക്കുന്ന ആദ്യ സമ്മേളനമാണിത്. ഇതിനു നേര്‍സാക്ഷിയാകാന്‍ ഭരണകക്ഷിയുടെ മുന്‍നിരയില്‍ മുന്‍ സ്പീക്കറും മന്ത്രിയുമായ എംബി രാജേഷ് ഉണ്ടാകും. ഇന്നും നാളെയുമായി ഏഴു ബില്ലുകളാണ് അവതരിപ്പിക്കുന്നത്.