കൊവിഡ് വരും എന്നല്ലേ ഉള്ളു, കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച അശ്വിനും രേഖയും പറയുന്നു

കൊച്ചി: ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ രോഗി ശ്വാസം കിട്ടാതെ അവശനിലയിലായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും അവര്‍ എത്താന്‍ ഒരു പത്തു മിനുട്ട് എടുക്കുമെന്ന് പറഞ്ഞു. അപ്പോള്‍ അയാളെ രക്ഷിക്കുക എന്ന് മാത്രമേ ചിന്തിച്ചുള്ളു, രേഖ പറഞ്ഞു.

കൊവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡൊമിസിലറി കേയര്‍ സെന്ററില്‍ എത്തിയപ്പോഴാണ് ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന രോഗിയുടെ കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് അശ്വിനും രേഖയും പറയുന്നു. ആംബുലന്‍സുമായി ബന്ധപ്പെട്ടപ്പോള്‍ എല്ലാവരും രോഗികളുമായി ഓട്ടത്തിലാണെന്നും താമസമുണ്ടെന്നും എത്താന്‍ 10 മിനിറ്റെങ്കിലും എടുക്കുമെന്നും പറഞ്ഞു. കാത്ത് നില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന് എത്രയും പെട്ടന്ന് ഓക്സിജന്‍ ലഭ്യമാക്കുകയെന്ന് മാത്രമായിരുന്നു ലക്ഷ്യം.

എങ്ങനെയെങ്കിലും ആശുപത്രിയില്‍ എത്തിക്കാനായിരുന്നു ശ്രമം. തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഡൊമിസിലറിയില്‍ നിന്നും 5 മിനിറ്റ് ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടാണ് മറ്റൊന്നും നോക്കാതെ ബൈക്കിലെത്തിക്കാന്‍ ശ്രമിച്ചത്. ആശുപത്രിയിലെത്തിച്ച്‌ ഉടനെ പ്രഥമിക ചികിത്സ നല്‍കി. അതിന് ശേഷം അദ്ദേഹത്തെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി’. കളക്‌ട്രേറ്റിലേക്ക് അടക്കം വിളിക്കുന്നത് സമയം നഷ്ടമായേക്കുമെന്ന് കരുതിയാണ് പെട്ടന്ന് തന്നെ ആംബുലന്‍സ് ഡ്രൈവര്‍മാരെ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ ഫയര്‍ ആന്റ് റെസ്ക്യൂവിന്റെ കീഴിലുള്ള സിവില്‍ ഡിഫന്‍സ് സേനയില്‍ പ്രവര്‍ത്തിച്ചുവരുന്ന രേഖ കൊവിഡിന്റെ തുടക്കം മുതല്‍ തന്നെ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. ഐടിഐ കഴിഞ്ഞ കൊവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് അശ്വിന്‍. ഇരുവരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്.

അവശനിലയിലുള്ള രോഗിക്ക് പെട്ടന്ന് തന്നെ ചികിത്സ ലഭ്യമാക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച രേഖയ്ക്കും അശ്വിനും സോഷ്യല്‍ മീഡിയയിലടക്കം അഭിനന്ദന പ്രവാഹമാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖരും ഇരുവരെയും അഭിനന്ദിച്ചു. അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ച യുവാക്കളെ അഭിനന്ദിക്കുന്നുവെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേഷന വേളയില്‍ പറഞ്ഞത്. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം തുടങ്ങിയവരും സോഷ്യല്‍ മീഡിയയില്‍ ഇരുവരെയും അഭിനന്ദിച്ചു.