മൂന്ന് വര്‍ഷം ദുബയില്‍ ജയിലിലായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും കുരുക്കില്‍

സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് മൂന്ന് വര്‍ഷം ദുബയില്‍ ജയിലിലായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും കുരുക്കില്‍. കടം കൊടുക്കാനുള്ള ആയിരം കോടിയുടെ ഉറവിടം 12 ദിവസത്തിനുള്ളില്‍ ഹാജരാക്കണം. ഈ വര്‍ഷം അവസാനത്തോടെ കടം തീര്‍ത്തില്ലെങ്കില്‍ വീണ്ടും ജയിലിലാകും. തുകയുടെ ഉറവിടം ബാങ്കുകളെ അറിയിച്ചില്ലെങ്കില്‍ നിയമനടപടിയുണ്ടാകുമെന്നും അറിയുന്നു. ദുബയിലെ വിവിധ ബാങ്കുകളില്‍ പലിശയടക്കം 1300 കോടിയാണ് തിരിച്ചടയ്ക്കാനുള്ളത്. ഗള്‍ഫിലെ 52 ജ്വല്ലറികള്‍ വിറ്റാല്‍ പോലും കടം തീരില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. തിരിച്ചടവു സംബന്ധിച്ച വിവരങ്ങള്‍ ജൂലൈ അഞ്ചിനു മുന്‍പ് കണ്‍സോര്‍ഷ്യത്തിന് സമര്‍പ്പിക്കണമെന്ന് ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി ജയിലിലേയ്ക്ക് തിരിച്ചയയ്ക്കുന്നതാണ് ദുബയിലെ നിയമം. ഇത്രയും കടമില്ലെന്നും മാധ്യമങ്ങളുള്‍പ്പെടെ പലരും കടം പെരുപ്പിച്ച് കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വായ്പയെടുത്ത പണം ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും മറ്റും നിക്ഷേപത്തിനു വകമാറ്റിയതാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 2015 നവംബര്‍ 12നായിരുന്നു ദുബായ് കോടതി രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിനു വിധിച്ചത്. അതിനു മുന്‍പ് ഏറെ നാളായി അദ്ദേഹം പൊലീസ് കസ്റ്റഡിയിലായിരുന്നു. സാമ്പത്തിക പ്രശ്‌നം ഒത്തു തീര്‍ത്ത് അദ്ദേഹത്തെ പുറത്തുകൊണ്ടുവരാന്‍ കുടുംബവും മറ്റും ഏറെ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ജയിലില്‍ രാമചന്ദ്രന്‍ കടുത്ത ആരോഗ്യ പ്രശ്‌നം നേരിട്ടിരുന്നു.

ജ്വല്ലറി ഉള്‍പ്പെടെയുള്ള ബിസിനസ് ആവശ്യങ്ങള്‍ക്കായി എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതോടെയാണ് ബാങ്കുകള്‍ അറ്റ്‌ലസ് രാമചന്ദ്രനെതിരെ ദുബയ് പൊലീസിന് പരാതി നല്‍കിയത്. സിനിമാ നിര്‍മാതാവും വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ തൃശൂര്‍ സ്വദേശിയാണ്. പതിനഞ്ചിലേറെ ബാങ്കുകളില്‍നിന്ന് അറ്റ്‌ലസ് ഗ്രൂപ്പ് ആയിരം കോടിയോളം രൂപയാണ് ലോണെടുത്തത്.

അഞ്ചു കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതില്‍ ആറു കേസുകളാണ് ഉണ്ടായിരുന്നത്. യുഎഇ ബാങ്കുകള്‍ക്കു പുറമെ, ദുബായില്‍ ശാഖയുള്ള ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും വായ്പയെടുത്തിരുന്നു.