ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു ; ദുബായില്‍ ഉത്രാടദിനത്തില്‍ അറ്റ്‌ലസ്‌ ഷോറൂം തുറക്കും

അറ്റ്‌ലസ്‌ ജൂവലറി ഗ്രൂപ്പിന്റെ പുതിയ ഷോറൂം ദുബായില്‍ ഉത്രാടദിനത്തില്‍ തുറക്കാന്‍ അറ്റ്‌ലസ്‌ രാമചന്ദ്രന്‍ നടപടി തുടങ്ങി. സാമ്പത്തികത്തട്ടിപ്പ്‌ കേസില്‍ മൂന്നുവര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ബാങ്കുകളുമായുള്ള ധാരണപ്രകാരം ഈ മാസം ആദ്യമാണ്‌ രാമചന്ദ്രന്‍ ജയില്‍ മോചിതനായത്‌. ബാങ്കുകളുടെ വായ്‌പാ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ യു.എ.ഇ. വിടാന്‍ കഴിയില്ലെങ്കിലും അവിടെ പുതിയ ഷോറൂമുകള്‍ തുറക്കാന്‍ നിയമതടസങ്ങളില്ലെന്നു ദുബായ്‌ ഭരണകൂടം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്‌.

കുവൈത്ത്‌ യുദ്ധകാലത്ത്‌ കെട്ടിപ്പൊക്കിയ വ്യവസായ സ്‌ഥാപനങ്ങള്‍ മുഴുവന്‍ നഷ്‌ടപ്പെട്ട തനിക്ക്‌ പുതുജീവന്‍ പകര്‍ന്ന ദുബായിലെ പ്രവാസികള്‍ പുതിയ ഷോറൂമിനു പിന്തുണ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ, ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ സാധ്യമായത്‌ ചെയ്യും. ഇതു സംബന്ധിച്ച ഉറപ്പ്‌ ജൂലൈ അഞ്ചിനു മുമ്പ്‌ നല്‍കണമെന്ന്‌ യു.എ.ഇ. സെന്‍ട്രല്‍ ബാങ്കധികൃതര്‍ രാമചന്ദ്രനോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. എന്നാല്‍, ജൂലൈ എട്ടിനോ പത്തിനോ ബാങ്ക്‌ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നു രാമചന്ദ്രന്‍ അധികൃതരെ അറിയിച്ചു.

ഗള്‍ഫിലെ 17 ബാങ്കുകളും ഇന്ത്യയിലെ അഞ്ചു ബാങ്കുകളില്‍നിന്നുമായി നിരന്തരം വായ്‌പ എടുക്കാറുള്ള തന്നെ തകര്‍ക്കാന്‍ ചിലര്‍ നടത്തിയ ഒത്തുകളിയാണ കാരാഗൃഹവാസത്തിനു കാരണമെന്ന്‌ രാമചന്ദ്രന്‍ പറഞ്ഞു. വായ്‌പ നല്‍കാമെന്ന്‌ ഉറപ്പ്‌ നല്‍കിയിരുന്ന രണ്ടു ബാങ്കുകള്‍ ആരുടെയോ പ്രേരണയാല്‍ നല്‍കാന്‍ മടിച്ചതാണ്‌ താന്‍ വായ്‌പ തിരിച്ചടവിനായി നല്‍കിയ ചെക്ക്‌ മടങ്ങാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ബാങ്ക്‌ ഓഫ്‌ ബറോഡ, എക്‌സിം, ഐ.സി.ഐ.സി.ഐ, ഐ.ഡി.ബി.ഐ, എസ്‌.ബി.ഐ. എന്നീ ബാങ്കുകളാണ്‌ വായ്‌പ നല്‍കിയിരുന്നത്‌. ഇതില്‍ ചില ബാങ്ക്‌ അധികൃതരും പ്രതിസന്ധിഘട്ടത്തില്‍ തുണയ്‌ക്കാന്‍ മടിച്ചു. തന്റെ വ്യവസായ സംരംഭങ്ങള്‍ തകരുന്നതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതും ബാങ്കധികൃതരെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കാം.

തന്റെ സ്‌ഥാപനങ്ങളുടെ മുഖ്യ സാരഥികളായിരുന്ന ഉദ്യോഗസ്‌ഥരില്‍ ചിലര്‍ മറ്റു ബാഹ്യശക്‌തികളുടെ പ്രേരണയ്‌ക്കു വശംവദരാകുകയും ചെയ്‌തു. അറ്റ്‌ലസ്‌ ഗ്രൂപ്പിന്റെ ജനറല്‍ മാനേജരായിരുന്ന സലിം ബാവ നിര്‍ണായക ഘട്ടത്തില്‍ രാജിവച്ചു. ഇന്ത്യയിലേക്ക്‌ മടങ്ങിയ അദ്ദേഹം ചെന്നൈയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണു വിവരം. താനുമായി ബന്ധമുണ്ടായിരുന്ന ഇതര വ്യാപാര ഗ്രൂപ്പുകളുടെ ഡയറക്‌ടര്‍മാരായിരുന്ന ഫൈസല്‍ കുപ്പത്ത്‌, സുര്‍ജിത്‌ ശിവന്‍, പത്മാക്ഷന്‍ നായര്‍, ജംഷീര്‍ എന്നിവര്‍ക്കും താന്‍ ചില ഷോറൂമുകളുടെ ചുമതല ഏല്‍പ്പിച്ചിരുന്ന ആലുവാ സ്വദേശി ലുക്കോ സുഗണന്‍, കോവൂര്‍ സ്വദേശി അജിത്‌ മുരളീധരന്‍ എന്നിവര്‍ നിര്‍ണായക സമയത്ത്‌ സ്‌ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നു ദുബായ്‌ പോലീസ്‌ അധികൃതര്‍ക്ക്‌ മൊഴി നല്‍കി. വ്യവസായ ഗ്രൂപ്പുമായുള്ള അവരുടെ ബന്ധം തെളിയിക്കുന്ന എല്ലാ രേഖകളും നശിപ്പിച്ച ശേഷമായിരുന്നു അവരുടെ തള്ളിപ്പറയല്‍. ജയില്‍വാസം തന്നെ പലതും പഠിപ്പിച്ചു. പ്രശ്‌നം വരുമ്പോള്‍ ഭാര്യ ഇന്ദു ഒഴിച്ച്‌ ആരുമുണ്ടായിരുന്നില്ല. പ്രശ്‌നത്തില്‍ കാര്യമായി ഇടപെടാമായിരുന്ന ദുബായ്‌ ഗോള്‍ഡ്‌ ആന്‍ഡ്‌ ജൂവലറി ഗ്രൂപ്പ്‌ അംഗങ്ങളും തിരിഞ്ഞുനോക്കിയില്ല. സ്‌ഥാപക മെമ്പറാണെന്ന പരിഗണനപോലും നല്‍കിയില്ല.

തന്റെ പേരിലുള്ള ബാധ്യതകള്‍ എല്ലാം വിറ്റുപെറുക്കിയാണെങ്കിലും വീട്ടും. രണ്ടു ആശുപത്രി മുഖവിലയുടെ പകുതി തുകയ്‌ക്കു വിറ്റാണ്‌ ചില ബാങ്കുകളുടെ പ്രശ്‌നങ്ങള്‍ തീര്‍ത്തത്‌. അറ്റ്‌ലസ്‌ വ്യവസായ ഗ്രൂപ്പിന്റെ അഞ്ചുകോടി ഓഹരി തന്റെയും ഭാര്യയുടെയും ഉടമസ്‌ഥതയിലുണ്ട്‌. 12 രൂപ വിലയുണ്ടായിരുന്ന ഓഹരിക്ക്‌ ഇപ്പോള്‍ 116.35 രൂപ മുഖവിലയുണ്ട്‌. ഇതു വിറ്റാല്‍തന്നെ 600 കോടി രൂപ ലഭിക്കും.

ആശുപത്രി വിറ്റു കിട്ടിയ തുകയും ഓഹരി വില്‍ക്കുന്ന തുകയും കൂട്ടിയാല്‍ ബാങ്കുകളുടെ കടബാധ്യതകള്‍ മുഴുവന്‍ തീര്‍ക്കാനാകും. ഇക്കാര്യം സെന്‍ട്രല്‍ ബാങ്ക്‌ അധികൃതരെ ബോധ്യപ്പെടുത്തും. ഇതിനാവശ്യമായ സാവകാശം തേടും. വൈകാതെ പഴയ പ്രതാപത്തോടെ അറ്റ്‌ലസ്‌ ഗ്രൂപ്പ്‌ തിരിച്ചുവരുമെന്നും രാമചന്ദ്രന്‍ പറഞ്ഞു.