അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയിൽ

പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. എൺപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അറ്റ്ലസ് ഗ്രൂപ്പ്‌ ചെയർമാൻ ആയിരുന്നു. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്.

അറ്റ്‌ലസ് ജ്വല്ലറി ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിയത് രാമചന്ദ്രന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്. അറ്റ്ലസിൻ്റെ പരസ്യങ്ങളിൽ മോഡലായാണ് ജനകീയനായത്. ‘അറ്റ്ലസ്: ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകം അദ്ദേഹത്തെ പ്രശസ്തനാക്കി.

ഗൾഫ് രാജ്യങ്ങളിൽ ഏറെ സുഹൃത് വലയമുള്ള അദ്ദേഹത്തിന് ബിസിനസ് തകർച്ചയെത്തുടർന്ന് ജയിൽ വാസം വരെ അനുഭവിക്കേണ്ടി വന്നിരുന്നു. കേസുകളിൽ നിന്ന് മുത്തി നേടി ദുബൈയിൽ പൊതുവേദികളിലടക്കം സജീവമായി വരികയായിരുന്നു. ഭാര്യ ഇന്ദിരയോടൊപ്പം ദുബൈയിലായിരുന്നു താമസം.

വൈശാലി വസ്തുഹാര സുകൃതം തുടങ്ങിയ സിനിമകൾ നിർമിച്ചു. അറബിക്കഥ ഉൾപ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര, മക്കള്‍ : ഡോ. മഞ്ജു, ശ്രീകാന്ത്.