100 ചോദിച്ചവര്‍ക്ക് 500 കിട്ടി; എടിഎമ്മില്‍ നിന്നും പിന്‍വലിക്കപ്പെട്ടത് 1.7 ലക്ഷം രൂപ

എടിഎം മെഷീനില്‍ പണം നിറയ്ക്കുന്നതിനിടെ ഉണ്ടായ പിഴവിനെ തുടര്‍ന്ന് എടിഎം മെഷീന്‍ പണം എടുക്കാനെത്തിയവര്‍ക്കെല്ലാം പണം വാരിക്കോരി നല്‍കി. നൂറു രൂപ പിന്‍വലിക്കാന്‍ എത്തിയവര്‍ക്ക് 500 രൂപ നല്‍കിയാണ് എടിഎം വിശാല മനസ്‌കനായത്. കനറാ ബാങ്ക് എടിഎം മെഷീനിലാണ് ഈ പിഴവ് സംഭവിച്ചത്. കൊഡഗു ജില്ലയിലെ മടിക്കേരിയില്‍ ബുധനാഴ്ചയാണ് സംഭവമുണ്ടായത്.

എടിഎം പണം കൈകാര്യം ചെയ്യുന്ന ഏജന്‍സിക്ക് പറ്റിയ പിഴവിനെ തുടര്‍ന്നായിരുന്നു ഈ മറിമായം. ഉപഭോക്താക്ക ള്‍ക്ക് എടിഎമ്മില്‍ നിന്ന് നൂറിന് പകരം അഞ്ഞൂറിന്റെ നോട്ടുകളാണ് ലഭിച്ചത്. എടിഎം മെഷീനില്‍ നൂറുരൂപയ്ക്ക് പകരം പണം നിറയ്ക്കേണ്ട ട്രേയില്‍ ഏജന്‍സി നിറച്ചത് 500 രൂപയായിരുന്നു. ഇതേ തുടര്‍ന്ന് ഏകദേശം 1.7 ലക്ഷം രൂപ എടിഎം മെഷീനില്‍ നിന്നും തെറ്റായി പിന്‍വലിക്കപ്പെട്ടു. നൂറിന് പകരം അഞ്ഞൂറുരൂപ കൈയില്‍ കിട്ടിയ ഉപയോക്താക്കളില്‍ ഒരാള്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഏജന്‍സിയുമായി ബന്ധപ്പെട്ട ബാങ്ക് പണം തിരികെ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു.

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചവരെ ബാങ്ക് തിരിച്ചറിഞ്ഞു. അതേസമയം, 65,000 രൂപ വീതം എടിഎമ്മില്‍ നിന്ന് പിന്‍വലിച്ച രണ്ടുപേര്‍ പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചത് ബാങ്കിന് തല വേദനയായി. ബാങ്കിന് പറ്റിയ തെറ്റാണ് ഇതെന്നും അതുകൊണ്ട് തങ്ങള്‍ പണം മടക്കി നല്‍കില്ലെന്നും ഇവര്‍ വാദിച്ചു. ഒടുവില്‍ എടി എമ്മില്‍ പണം നിറയ്ക്കുന്ന ഏജന്‍സി പോലീസിന്റെ സഹായം തേടുകയും, പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് അവര്‍ പണം മടക്കി നല്‍കുകയും ചെയ്തു.

സമാനമായ സംഭവം സേലത്തും കഴിഞ്ഞ മാസം നടന്നിരുന്നു, അതിന്റെ വിശദാംശങ്ങളിങ്ങനെ. : 200 രൂപയ്ക്ക് പകരം 500 രൂപ നല്‍കി എസ്ബിഐ എടിഎം. വിവരം അറിഞ്ഞ് ജനങ്ങള്‍ എടിഎമ്മില്‍ തടിച്ചുകൂടി. അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ എടിഎം തത്കാലത്തേയ്ക്ക് അടച്ചിട്ടു.

സേലം- ബംഗളൂരു ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മിലാണ് അബദ്ധം സംഭവിച്ചത്. 200 രൂപ ചോദിക്കുന്ന സ്ഥാനത്ത് 500 രൂപയാണ് ഇടപാടുകാര്‍ക്ക് എടിഎം മെഷീനില്‍ നിന്ന് ലഭിച്ചത്. സംഭവം അറിഞ്ഞ് നിരവധിപ്പേരാണ് എടിഎമ്മില്‍ തടിച്ചുകൂടിയത്. നിരവധിപ്പേര്‍ക്ക് ഇത്തരത്തില്‍ പണം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 700 രൂപ ആവശ്യപ്പെട്ട ആള്‍ക്ക് ആയിരം രൂപയാണ് ലഭിച്ചത്. എന്നാല്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റായതായി കാണിച്ചിരിക്കുന്നത് 700 രൂപയാണ്.

സംഭവം അറിഞ്ഞ് എസ്ബിഐ അധികൃതര്‍ എടി എം പരിശോധിക്കുകയും തത്കാലത്തേയ്ക്ക് അടച്ചിടുകയും ചെയ്തു. പണം നിറയ്ക്കുന്ന സ്വകാര്യ കമ്ബനിക്ക് പറ്റിയ അബദ്ധമാണ് ഇതിന് കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. എടിഎം മെഷീനിലെ 200ന്റെ ബോക്‌സില്‍ അബദ്ധത്തില്‍ 500 രൂപയുടെ നോട്ടുകള്‍ നിറച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അക്കൗണ്ടുകള്‍ പരിശോധിച്ചശേഷം നഷ്ടപ്പെട്ട പണം ഉപഭോക്താക്കളില്‍ നിന്നും വീണ്ടെടുക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.