മലയാളി പെൺകുട്ടിക്ക് നേരെ ലണ്ടനിൽ ആക്രമണം, വെടിയേറ്റ് അത്യാസന്ന നിലയിൽ

ലണ്ടൻ : മലയാളി പെൺകുട്ടിക്ക് നേരെ ലണ്ടനിൽ അജ്ഞാതൻ്റെ ആക്രമണം. കൊച്ചി ഗോതുരുത്ത് സ്വദേശി ലിസ മരിയക്ക് നേരെയാണ് അജ്ഞാതൻ വെടിയുതിര്‍ത്തത്. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ. ഇന്നലെ രാത്രിഅച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടൻ ഹക്നിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കവെയാണ് വെടിയേറ്റത്.

കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ലിസ മരിയയും കുടുംബവും വർഷങ്ങളായി ബർമിങ്‌ഹാമിൽ താമസിക്കുകയാണ്. വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരുറസ്റ്റന്‍റിന് സമീപം ബൈക്കിൽ എത്തിയ ഒരാളാണ് വെടിവെപ്പ് നടത്തിയത്.

സംഭവ സ്ഥലത്ത് ഉടനടി പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായിട്ടില്ല. തോക്ക് വിദഗ്ധർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ലണ്ടൻ ആംബുലൻസ് സർവീസുകാരും സംഭവസ്ഥലത്ത് പരിശോധന നടത്തിയെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. വെടിയേറ്റ നാല് പേരെയും കിഴക്കൻ ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഡാൽസ്റ്റണിലെ കിങ്സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ വെടിവെപ്പിനെത്തുടർന്നുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്. പെൺകുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മറ്റ് ഇരകളുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.