കര്‍ഷക നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; ചില്ല് തകര്‍ത്തു

കര്‍ഷക നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ത്തെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് വരികയായിരുന്ന കര്‍ഷക നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഭാരതീയ കിസാന്‍ മഹാസഭ നേതാവ് റുല്‍ദു സിംഗ് മന്‍സ അടക്കമുള്ളവരാണ് വാഹനത്തിലുണ്ടായിരുന്നത്.

കാര്‍ തടഞ്ഞ ഡല്‍ഹി പൊലീസ് സംഘവുമായി സംസാരിച്ചു കൊണ്ട് നില്‍ക്കവേയാണ് പിന്‍വശത്തെ ചില്ലു തകര്‍ത്തതെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വിഷയം ഉന്നയിക്കുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പതിനൊന്നാം വട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുക. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനിലാണ് നിര്‍ണായക ചര്‍ച്ച തീരുമാനിച്ചിരുന്നത്.

കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്‌റ്റേ ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഇന്നലെ രാത്രി കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയ്ക്കുള്ളില്‍ തന്നെ ട്രാക്ടര്‍ പരേഡ് നടത്തുമെന്നും വ്യക്തമാക്കി. അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അന്‍പത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു.