അച്ഛന്‍ തിരഞ്ഞെടുത്തത് മരണവഴിയെന്ന് അറിയാതെ ശിവദേവ്‌; മരണം ഒന്നിനും പരിഹാരമല്ലെന്നു കാട്ടി വന്ന കമന്റുകള്‍ കാണാതെ പ്രകാശും മകനും യാത്രയായപ്പോള്‍

ആറ്റിങ്ങല്‍: ദേശീയപാതയില്‍ മാമത്തുണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ തൃശ്ശൂര്‍ സ്വദേശി ഡേവിഡ്. ഡേവിഡ് ഓടിച്ചിരുന്ന ലോറിയിലേക്കു കാറിടിച്ചുകയറിയാണ്‌ നെടുമങ്ങാട് കരുപ്പൂര് മല്ലമ്ബറക്കോണം ദേവീനിവാസില്‍ പ്രകാശ്(48), മകന്‍ ശിവദേവ്(11) എന്നിവര്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.45 ഓടെയാണ് അപകടം.

അപകടത്തെക്കുറിച്ച്‌ ഡേവിഡ് പറയുന്നതിങ്ങനെ. ‘ആറ്റിങ്ങല്‍ കഴിഞ്ഞ് രണ്ട് കിലോമീറ്റര്‍ മുന്നോട്ട് പോയപ്പോഴാണ് അപകടമുണ്ടായത്. റോഡില്‍ വാഹനങ്ങള്‍ തീരെക്കുറവായിരുന്നു. എതിര്‍ദിശയില്‍ വന്ന കാര്‍ വലതുവശത്തേക്കു മാറി ലോറിക്കുനേരേ വരുന്നത് കണ്ടു. കാറിന് വേഗത കൂടുന്നത് കണ്ടതോടെ ലോറി ഇടതുവശം ചേര്‍ത്ത് ഒതുക്കി നിര്‍ത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ ലോറിയുടെ മുന്‍വശത്ത് വന്നിടിച്ചു. ഞാനും വിഷ്ണുവും സീറ്റില്‍ നിന്നുയര്‍ന്ന് ക്യാബിന്റെ മുകളില്‍ ചെന്നിടിച്ച്‌ സീറ്റില്‍ വീണു. പെട്ടെന്ന് ഇറങ്ങാന്‍ ശ്രമിക്കുമ്ബോള്‍ വലതുവശത്തെ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഇടതുവശത്തെ വാതില്‍ വഴിയാണ് പുറത്തിറങ്ങിയത്. അപ്പോഴേക്കും യാത്രക്കാരും നാട്ടുകാരും ഓടിക്കൂടിയിരുന്നു.’ അപകടമൊഴിവാക്കാന്‍ തന്നാലാവുംവിധം ശ്രമം നടത്തിയിട്ടും രണ്ട് ജീവനുകളെ രക്ഷിക്കാന്‍ കഴിയാതിരുന്നതിന്റെ വേദന ഡേവിഡിന്റെ വാക്കുകളില്‍ നിറഞ്ഞിരുന്നു.

ബുധനാഴ്ച പോലീസ് സ്റ്റേഷനിലെത്തി മൊഴി കൊടുത്ത് മടങ്ങുമ്ബോഴും ഡേവിഡിന്റെ കണ്ണുകളില്‍നിന്ന് അമ്ബരപ്പ് പൂര്‍ണമായും ഒഴിഞ്ഞിരുന്നില്ല. എറണാകുളത്ത് നിന്നും ടാങ്കര്‍ലോറിയില്‍ ഡീസല്‍ നിറച്ച്‌ തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേക്കു പോയതാണ് ഡേവിഡ്. സഹായി വിഷ്ണുവും ഒപ്പമുണ്ടായിരുന്നു. മകനേയുംകൂട്ടി അച്ഛന്‍ വീട്ടില്‍ നിന്നും കാറെടുക്കുമ്ബോള്‍ മനസ്സില്‍ ഉറച്ചൊരു തീരുമാനമുണ്ടായിരുന്നു. വട്ടിയൂര്‍ക്കാവിലെ വാടകവീട്ടില്‍ നിന്നും ആറ്റിങ്ങല്‍ മാമംവരെയായിരുന്നു അതിന്റെ ദൂരം. അച്ഛന്‍ മരണവഴിയാണ് തിരഞ്ഞെടുക്കുന്നതെന്ന് ശിവദേവെന്ന കൊച്ചുമിടുക്കന്‍ അപ്പോഴും അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച രാത്രിയില്‍ മാമത്തുണ്ടായ അപകടത്തില്‍ മരിച്ച നെടുമങ്ങാട് കരുപ്പൂര് ദേവീനിവാസില്‍ പ്രകാശിന്റേയും മകന്‍ ശിവദേവിന്റേയും മരണം ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.

തന്റെ മരണത്തിന് ഉത്തരവാദിയായവരെ പൊതുസമൂഹത്തിലെത്തിച്ച്‌ കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രകാശ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാണ്. മരണക്കുറിപ്പുകണ്ട് സുഹൃത്തുക്കളെല്ലാം പ്രകാശിനെ വിളിക്കുമ്ബോഴേയ്ക്കും ഫോണ്‍ നിശ്ചലമായിരുന്നു. നിരവധിപേര്‍ ഫെയ്സ്‌ ബുക്കില്‍ മരണം ഒന്നിനും പരിഹാരമല്ലെന്നു കാട്ടി കമന്റുകളിട്ടു. അതൊന്നും കാണാനും കേള്‍ക്കാനും നില്‍ക്കാതെയാണ് പ്രകാശ് മകന്‍ ശിവദേവിനെയുംകൂട്ടി മരണത്തിലേക്ക്‌ വണ്ടിയോടിച്ചുപോയത്. രാത്രി 11-മണിയോടെ മാമം പാലത്തിനടുത്തുവെച്ച്‌ എതിരെവന്ന éടാങ്കര്‍ ലോറിയിലേക്ക്‌ കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഇരുവരേയും വളരെ ബുദ്ധിമുട്ടിയാണ് കാറില്‍ നിന്നും പുറത്തെടുത്തത്. അപ്പോഴേയ്ക്കും സംഭവസ്ഥലത്തു തന്നെ അച്ഛനും മകനും മരിച്ചിരുന്നു. പ്രകാശിന്റെ ഭാര്യ ശിവകല വിദേശത്താണ് ജോലി ചെയ്യുന്നത്. ദാമ്ബത്യത്തിലെ കടുത്ത അസ്വസ്ഥതകളും പ്രശ്‌നങ്ങളുമാണ് അച്ഛന്റേയും മകന്റേയും മരണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

സമീപകാലത്തായി കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കളും ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ചിത്രത്തിലുള്ളവരെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ടെന്നും ഇവരെ കൂടി കിട്ടിയാലേ യഥാര്‍ത്ഥകാരണം അറിയാനാകൂ എന്നും പോലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കരുപ്പൂര് ദേവീനിവാസിലെത്തിച്ച മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു. ഭാര്യയുടേയും മറ്റു ചില സുഹൃത്തുക്കളുടേയും ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ് ചെയ്തിരുന്നത്. പ്രകാശ് നേരത്തെ നെടുമങ്ങാട് കരുപ്പൂരിനു സമീപം മദര്‍ തെരേസ എന്ന പേരില്‍ വിദ്യാലയം നടത്തിയിരുന്നു. മൂന്നുവര്‍ഷം മുന്‍പാണ് സ്കൂള്‍ മതിയാക്കി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്ബനിയില്‍ ജോലിചെയ്യാന്‍ തുടങ്ങിയത്. നാട്ടുകാര്‍ക്കും കുടുംബത്തിനും പ്രിയങ്കരനായിരുന്ന പ്രകാശ് കുട്ടികളുടെ പഠനസൗകര്യാര്‍ത്ഥമാണ് വട്ടിയൂര്‍ക്കാവിലെ വാടകവീട്ടിലേക്ക്‌ താമസം മാറിയത്. ഇവിടെ ഭാര്യാമാതാവും കുട്ടികളുമൊത്താണ് താമസിച്ചിരുന്നത്.