അച്ഛനും മകനും ആത്മഹത്യ ചെയ്ത സംഭവം; ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം തുടങ്ങി, ആത്മഹത്യ കുറിപ്പില്‍ പറയുന്നവരുടെ മൊഴിയെടുപ്പ് നീളും

തിരുവനന്തപുരം: അച്ഛനും മകനും കാര്‍ ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ച്‌ കയറ്റി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നെടുമങ്ങാട് മല്ലമ്ബ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും (50) മകന്‍ ശിവദേവുമാണ് (12) മരിച്ചത്. തന്റെയും മകന്റെയും മരണത്തിന് ഉത്തരവാദികള്‍ വിദേശത്തുള്ള നൃത്ത അദ്ധ്യാപികയായ ഭാര്യ ശിവകലയും അവരുടെ കാമുകനായ വിളപ്പില്‍ശാല സ്വദേശിയുമാണെന്ന് കാറിനുള്ളില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇവരെക്കൂടാതെ രണ്ട് പേരെക്കുറിച്ചും കുറിപ്പിലുണ്ട്.

തന്റെ മരണത്തിന് ഉത്തരവാദിയായവരെ പൊതുസമൂഹത്തിലെത്തിച്ച്‌ കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രകാശ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാണ്. മരണക്കുറിപ്പുകണ്ട് സുഹൃത്തുക്കളെല്ലാം പ്രകാശിനെ വിളിക്കുമ്ബോഴേയ്ക്കും ഫോണ്‍ നിശ്ചലമായിരുന്നു. നിരവധിപേര്‍ ഫെയ്സ്‌ ബുക്കില്‍ മരണം ഒന്നിനും പരിഹാരമല്ലെന്നു കാട്ടി കമന്റുകളിട്ടു. അതൊന്നും കാണാനും കേള്‍ക്കാനും നില്‍ക്കാതെയാണ് പ്രകാശ് മകന്‍ ശിവദേവിനെയുംകൂട്ടി മരണത്തിലേക്ക്‌ വണ്ടിയോടിച്ചുപോയത്. രാത്രി 11-മണിയോടെ മാമം പാലത്തിനടുത്തുവെച്ച്‌ എതിരെവന്ന éടാങ്കര്‍ ലോറിയിലേക്ക്‌ കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഇരുവരേയും വളരെ ബുദ്ധിമുട്ടിയാണ് കാറില്‍ നിന്നും പുറത്തെടുത്തത്. അപ്പോഴേയ്ക്കും സംഭവസ്ഥലത്തു തന്നെ അച്ഛനും മകനും മരിച്ചിരുന്നു. പ്രകാശിന്റെ ഭാര്യ ശിവകല വിദേശത്താണ് ജോലി ചെയ്യുന്നത്. ദാമ്ബത്യത്തിലെ കടുത്ത അസ്വസ്ഥതകളും പ്രശ്‌നങ്ങളുമാണ് അച്ഛന്റേയും മകന്റേയും മരണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.

നാലുപേരും തന്നെയും മക്കളെയും മാനസികമായും സാമ്ബത്തികമായും അത്രയേറെ ദ്രോഹിച്ചെന്നും, താനിപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കാര്യങ്ങളെല്ലാം മേക്കപ്പ് ആര്‍ട്ടിസ്റ്റായ അമലിന് അറിയാമെന്നും കത്തിലുണ്ട്. അഞ്ച് ദിവസം മുമ്ബ് പ്രകാശ് വിളിച്ച്‌ ശിവകലയും വിളപ്പില്‍ശാല സ്വദേശിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ചോദിച്ചിരുന്നുവെന്ന് അമല്‍ പ്രതികരിച്ചു. തനിക്കൊന്നും അറിയില്ലെന്ന് പ്രകാശിനോട് പറഞ്ഞിരുന്നുവെന്നും യുവാവ് വ്യക്തമാക്കി. ആത്മഹത്യ കുറിപ്പില്‍ പറയുന്ന എല്ലാവരും വിദേശത്തായതിനാല്‍ മൊഴിയെടുപ്പ് നീളും. അപകടവുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും പൊലീസ് തുടര്‍നടപടി സ്വീകരിക്കുക.