ബുക്ക് ചെയ്ത സീറ്റ് ഉപേക്ഷിച്ച് യാത്ര തിരുവനന്തപുരത്തേക്ക് നീട്ടി; പ്രതീഷ് കുമാറിന് തിരികെ കിട്ടിയത് ജീവന്‍

അവിനാശിയില്‍ ഉണ്ടായ അപകടത്തിന്റെ ഞെട്ടലില്‍ നിന്നും മലയാളികള്‍ക്ക് ഇപ്പോഴും മുക്തരാകാന്‍ സാധിച്ചിട്ടില്ല. ഒരു നിമിഷം കൊണ്ട് ഇല്ലാതായത് ചുറ്റിനും ഉണ്ടായിരുന്ന 19 സഹോദരങ്ങള്‍ ആണ്. ജീവിതം സ്വപ്‌നം കണ്ട് തുടങ്ങുന്നവരും പുതു ജീവിതം ആരംഭിച്ചവരും പാതി വഴിയില്‍ എത്തിയവരും. ഒരിക്കലും കരകയറാന്‍ പോലും സാധിക്കാത്ത വിധം നാട് മുഴുവന്‍ ആ സങ്കടത്തിന്റെ ആഘാദത്തിലാണ്. യാത്രക്കാര്‍ ഉറക്കത്തില്‍ ആയിരിക്കെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കണ്ടെയ്‌നര്‍ ലോറി കെ എസ് ആര്‍ ടി സി ബസിലേക്ക് ഡിവൈഡര്‍ മറികടന്ന് എത്തി ഇടിച്ചു കയറിയത്. ഈ അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത് ഇപ്പോഴും വിശ്വസിക്കാനാവാതെ ഇരിക്കുകയാണ് പ്രതീഷ് കുമാര്‍.

അവിനാശിയില്‍ അപകടത്തില്‍ പെട്ട കെ എസ് ആര്‍ ടി സി ബസില്‍ സീറ്റ് ബുക്ക് ചെയ്ത ശേഷം അവസാന നിമിഷം യാത്ര ഉപേക്ഷിച്ചത് ഒരേ ഒരാള്‍ ആണ് പ്രതീഷ്.
വടക്കഞ്ചേരി എളവമ്പാടം കൂട്ടപ്പുര വീട്ടില്‍ കെ.എ.പ്രതീഷ് കുമാറാണ് അവസാന നിമിഷമാണ് യാത്ര മാറ്റിയത്. ബസിലെ 13-ാം നമ്പര്‍ സീറ്റ് ആയിരുന്നു പ്രതീഷ് ബുക്ക് ചെയ്തിരുന്നത്. ജോലി ആവശ്യവും ആയി ബന്ധപ്പെട്ടാണ് പ്രതീഷ് ബംഗളൂരുവിലേക്ക് പോയത്. 19-ാം തീയതി ഉച്ച വരെ ബംഗളൂരുവില്‍ ഉണ്ടായിരുന്നു. ഇന്നലെ ഏക മകള്‍ തന്‍വിയുടെ ചോറൂണ് നടത്താന്‍ നിശ്ചയിച്ചിരുന്നു. അതിനാല്‍ തന്നെ വ്യാഴാഴ്ച അപകത്തില്‍ പെട്ട് കെ എസ് ആര്‍ ടി സി വോള്‍വോ ബസില്‍ പ്രതീഷ് കുമാര്‍ സീറ്റ് ബുക്ക് ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി കമ്പനിയുടെ മറ്റൊരു മീറ്റിങ 20-ാം തീയതി എറണാകുളത്ത് നിശ്ചയിച്ചു. ഇൗ മീറ്റിങ്ങില്‍ പങ്കെടുക്കണമെന്ന് പ്രതീഷിനോട് കമ്പനി ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെ ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും ബസ് യാത്ര പ്രതീഷ് ഉപേക്ഷിക്കുകയും കൊച്ചുവേളി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയും ചെയ്തു. തിരുവനന്തപുരത്തേക്കുള്ള യാത്രാ തിരക്കിനിടയില്‍ ബസ് ടിക്കറ്റ് റദ്ദാക്കാന്‍ പ്രതീഷ് മറന്നു. ഇതോടെ യാത്രക്കാരുടെ ലിസ്റ്റില്‍ പ്രതീഷ് കുമാറും ഉണ്ടായിരുന്നു. തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തയാളുടെ വിവരം അന്വേഷിച്ച് പാലക്കാട് കസബ പൊലീസ് സ്റ്റേഷനില്‍ നിന്നു രാവിലെ 9.30ന് ഫോണ്‍ വരുമ്പോഴാണു പ്രതീഷ് അപകട വിവരം അറിയുന്നത്. 13-ാം നമ്പര്‍ സീറ്റിന്റെ തൊട്ടടുത്ത സീറ്റിലെയും തൊട്ടു മുന്നിലെയും പിന്നിലെ രണ്ടു നിര സീറ്റുകളിലെയും യാത്രക്കാര്‍ അപകടത്തില്‍ തല്‍ക്ഷണം മരിച്ചിരുന്നു.

അതേസമയം സംഭവ സ്ഥലത്ത് വെച്ചു തന്നെ കെ എസ് ആര്‍ ടി സി ഡ്രൈവറും കണ്ടക്ടറും മരിച്ചിരുന്നു. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ വി.ആര്‍. ബൈജു മരിച്ച വാര്‍ത്ത വരുമ്പോള്‍ പത്താം ക്ലാസിലെ മോഡല്‍ പരീക്ഷ എഴുതുകയായിരുന്നു ഏക മകള്‍ ഭവിത. എന്നാല്‍ മരണവിവരം ബന്ധുക്കളും അധ്യാപകരും ഭവിതയെ അറിയിച്ചില്ല. ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനിറങ്ങിയ ഭവിതയെ അധ്യാപകര്‍ കൂട്ടുകാരിയുടെ വീട്ടിലേക്കാണ് അയച്ചത്. അവിടെ നിന്നു വൈകിട്ട് ബൈജുവിന്റെ സഹോദരന്‍ ബിജുവാണ് ഭവിതയെ വീട്ടിലെത്തിച്ചത്. അപ്പോള്‍ മാത്രമാണ് അച്ഛന്റെ മരണ വാര്‍ത്ത ഭവിത അറിയുന്നത്.

അതേസമയം ബൈജുവിന്റെ അച്ഛന്‍ രാജനെയും അമ്മ സുമതിയെയും രാത്രി വരെ വിവരം അറിയിച്ചിരുന്നില്ല. കോയമ്പത്തൂര്‍-ചെന്നൈ ദേശീയപാത 544 ആറുവരി ബൈപ്പാസില്‍ എ.കെ.വി.എന്‍. ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. സേലം ഭാഗത്തേക്ക് ടൈല്‍സുമായി പോവുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. മൂന്നുമീറ്ററോളം വീതിയുള്ള ഡിവൈഡറില്‍ കയറി 100 മീറ്ററോളം ഓടി മറുഭാഗത്തെത്തി ബസില്‍ ഇടിക്കുകയായിരുന്നു.

48 യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമാണ് ബസില്‍ ഉണ്ടായിരുന്നത്. ബസിനകത്തേക്ക് ഇടിച്ച് കയറിനിന്ന നിലയിലായിരുന്നു കണ്ടെയ്‌നര്‍. ഡ്രൈവറുടെ ഇരിപ്പിടംമുതല്‍ പിന്‍ചക്രംവരെ ബസിന്റെ വലതുഭാഗം കണ്ടെയ്‌നറിലിടിച്ച് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉള്‍പ്പടെ മുന്‍ഭാഗത്തുണ്ടായിരുന്ന നാലുപേര്‍ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഇവരും മറ്റ് 12 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പന്ത്രണ്ടുപേര്‍ ബസില്‍നിന്ന് പരിക്കേല്‍ക്കാതെ ഇറങ്ങിവന്നു. മറ്റുള്ളവരെ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരുമാണ് പുറത്തെത്തിച്ചത്.