ബി.എസ്.സി. നഴ്‌സിങ്ങിന് സീറ്റ് വാഗ്ദാനം ചെയ്ത് 8.25 ലക്ഷം രൂപ തട്ടിയെടുത്തു, പ്രതി അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്ത്(37) ആണ് അറസ്റ്റിലായത്. കോയിപ്രം പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

പുല്ലാട് പൂവത്തൂര്‍ വലിയവിളയില്‍ സുനി വര്‍ഗീസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയില്‍നിന്ന് പ്രതി 8.25 ലക്ഷം രൂപ കൈപ്പറ്റിയതാണ് കേസ്. പരാതിക്കാരിയുടെ മകള്‍ക്ക് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷന്‍ വാങ്ങി നല്‍കാമെന്നും പറഞ്ഞ് പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും ജോയിന്റ് അക്കൗണ്ടില്‍ നിന്ന് 7,55,000 രൂപ പ്രതിക്ക് അയച്ചുകൊടുത്തു. അതിനുശേഷം ഹോസ്റ്റല്‍ ഫീസെന്നും പറഞ്ഞ് ആശുപത്രിക്ക് സമീപം വെച്ച് എഴുപതിനായിരം രൂപ നേരിട്ട് കൈപ്പറ്റുകയും ചെയ്തു.

കോളജില്‍ അഡ്മിഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്. വഞ്ചനാ കുറ്റത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം പ്രതിയെ തിരികെ കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിച്ചു. കോയിപ്രം എസ്. എച്ച്. ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്. ഐ. മുഹ്‌സിന്‍ മുഹമ്മദാണ് കേസ് അന്വേഷിക്കുന്നത്.

സമാനമായ ആറ് കേസുകളില്‍ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് പ്രതിയെ കോയിപ്രം പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.