‘ബാഹുബലി സമൂസ ചലഞ്ച്’ ഒരു വലിയ സമൂസ അര മണിക്കൂറിനുള്ളില്‍ കഴിച്ചാൽ 51,000 രൂപ സമ്മാനം.

 

തീറ്റ മത്സരത്തില്‍ താത്പര്യമുള്ള ഭക്ഷണ പ്രിയനാണെങ്കിൽ അറിയുക. ഉത്തര്‍പ്ര ദേശിലെ മീററ്റിൽ നിങ്ങൾക്ക് ഒരു പടുകൂറ്റൻ ഓഫർ വന്നിരിക്കുന്നു. മീററ്റിലെ കുര്‍ത്തി ബസാറിലുള്ള ഒരു ലഘു ഭക്ഷണശാലയാണ് കൂറ്റൻ ഓഫർ. എട്ട് കിലോയുള്ള ഒരു വലിയ സമൂസ അര മണിക്കൂറിനുള്ളില്‍ കഴിച്ച് തീര്‍ത്താൽ 51,000 രൂപ സമ്മാനമായി ലഭിക്കും.

കടയുടമ ശുഭം തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഓഫർ എഴുതി പതിച്ച പിറകെ നിരവധി പേരാണ് ശുഭത്തിന്‍റെ വെല്ലുവിളി ഏറ്റെടുക്കാനായി എത്തിയത്.എട്ടു കിലോ ഭാരമുള്ള സമൂസയ്ക്ക് 1,100 രൂപയാണ് വില. അതേസമയം ഇതുവരെ ആര്‍ക്കും ശുഭത്തിന്‍റെ വെല്ലുവിളി ഏറ്റെടുത്ത ശേഷം വിജയം കാണാൻ കഴിഞ്ഞില്ല.

ഏതായാലും വെല്ലുവിളി കാരണം തനിക്ക് ഉപഭോക്താക്കള്‍ കൂടിയിട്ടുണ്ടെന്നും അതിനാല്‍ത്തന്നെ 10കിലോയുടെ മറ്റൊരു സമൂസ ചലഞ്ച് നടത്താൻ ആലോചിക്കുകയാണെന്നും ശുഭം പറഞ്ഞിരിക്കുന്നു. സംഗതി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. സമൂസ തിന്നാൻ നിരവധിപേരാണ് ശുഭത്തിന്റെ കടത്തേടി എത്തുന്നത്.