1000 അലോപ്പതി ഡോക്ടര്‍മാരെ ആയുര്‍വേദ ചികിത്സയിലേക്ക് പരിവര്‍ത്തനം നടത്തും; വെല്ലുവിളിയുമായി യോഗഗുരു ബാബാ രാംദേവ്

ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം അലോപ്പതി ഡോക്ടര്‍മാരെ ആയുര്‍വേദ ചികിത്സയിലേക്കു പരിവര്‍ത്തനം നടത്തുമെന്ന് യോഗഗുരു ബാബാ രാംദേവ്. അലോപ്പതി ചികിത്സ സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ് രാംദേവ് വീണ്ടും വെല്ലുവിളിയുമായി എത്തിയത്. ഹരിദ്വാറിലെ യോഗാഗ്രാം സെന്ററില്‍ സംഘടിപ്പിച്ച യോഗാ ക്യാമ്ബിനിടെയായിരുന്നു രാംദേവിന്റെ പ്രഖ്യാപനം.

എംബിബിഎസ്, എം ഡി ബിരുദമുള്ള നിരവധിപേര്‍ തന്റെ യോഗാ ക്യാമ്ബുകളില്‍ പങ്കെടുക്കുന്നുണ്ട്. അലോപ്പതി മരുന്നുകള്‍ ഉപയോഗിച്ചതിന്റെ പാര്‍ശ്വഫലം നേരിടുന്ന ഈ ഡോക്ടര്‍മാര്‍ ഇപ്പോള്‍ യോഗയിലേക്കും ആയുര്‍വേദത്തിലേക്കും തിരിഞ്ഞിരിക്കുകയാണെന്നും പലരും തങ്ങളുടെ പ്രഫഷനില്‍ നിന്ന് സ്വയം വിരമിച്ച്‌ തങ്ങളുടെ പാത പിന്തുടരുകയാണെന്നും ബാബാ രാംദേവ് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം അലോപ്പതി ഡോക്ടര്‍മാരെ പ്രകൃതി ചികിത്സയിലേക്കും ആയുര്‍വേദത്തിലേക്കും പരിവര്‍ത്തനം ചെയ്യാന്‍ താന്‍ തീരുമാനിച്ചതായും രാംദേവ് വ്യക്തമാക്കി.

അതേസമയം രാംദേവിന്റെ പ്രസ്താവനകള്‍ നിരുത്തരവാദപരവും സ്വാര്‍ഥവുമാണെന്ന് ഇന്ത്യന്‍ മെഡികല്‍ അസോസിയേഷന്‍ (ഐഎംഎ) ഉത്തരാഖണ്ഡ് പ്രസിഡന്റ് ഡോ. അജയ് ഖന്ന കുറ്റപ്പെടുത്തി. പതഞ്ജലി യോഗപീഠിലെ യോഗ്യതയുള്ള ആയുര്‍വേദ ആചാര്യന്മാരുടെ സംഘം രൂപീകരിച്ച്‌ ഐഎംഎ ഉത്തരാഖണ്ഡ് ഘടകത്തിലെ ഡോക്ടര്‍മാരുമായി സംവാദം നടത്താന്‍ അദ്ദേഹം വെല്ലുവിളിച്ചു. ചര്‍ചയിലേക്ക് മാധ്യമങ്ങളെയും ക്ഷണിക്കും.