മമത ബാനർജിയുടെ ശബ്ദം സംഗീതം പോലെ; 2024 ലെ തെഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയാകാൻ അവർ മത്സരിക്കണം; ബാബുൽ സുപ്രീയോ

മമത ബാനർജിയുടെ ശബ്ദം സംഗീതം പോലെയാണെന്നും 2024 ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കണമെന്നും തൃണമൂൽ കോൺഗ്രസിലെത്തിയ ബാബുൽ സുപ്രിയോ. നരേന്ദ്ര മോദിയെ നേരിടാൻ രാഹുൽ ഗാന്ധിയ്‌ക്ക് സാധിക്കില്ല. ബംഗാൾ മുഖ്യമന്ത്രിയ്‌ക്ക് തെരഞ്ഞെടുപ്പിൽ വിജയസാധ്യത കൂടുതലാണെന്നും ബാബുൽ പറഞ്ഞു. ബിജെപി വിട്ട് തൃണമൂലിലെത്തിയ നേതാവ് ഇന്ന് മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മമത ബാനർജിയുമായി നടത്തിയ സംവാദം സംഗീതം പോലെയാണ് അനുഭവപ്പെട്ടത് എന്ന് ബാബുൽ പറഞ്ഞു.

അതേസമയം ഭവാനിപൂരിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ താൻ മമതയ്‌ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ബാബുൽ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയ്‌ക്കെതിരെ പരാജയപ്പെട്ട മമത വീണ്ടും മത്സരിക്കാൻ വേണ്ടി ഭവാനിപൂരാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സെപ്റ്റംബർ 30 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ മമതയെ നേരിടാൻ പ്രിയങ്ക തിബ്രിവാളിനെയാണ് ബിജെപി ഇറക്കിയിരിക്കുന്നത്.