ആരോപണം ഗുരുതരമാണെങ്കിലും ജാമ്യം നല്‍കുന്നുവെന്ന് കോടതി, വിജയ് ബാബുവിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം. നടനെതിരായ ആരോപണം ഗുരുതരമാണെങ്കിലും ജാമ്യം നല്‍കുകയാണെന്ന് കോടതി അറിയിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കൂടാതെ കേസില്‍ അറസ്റ്റ് നടക്കുകയാണെങ്കില്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി.

ജൂണ്‍ 27-ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്ബില്‍ ഹാജരായി ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. 27 മുതല്‍ ഏഴ് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യലിന് ഹാജരാകണം. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്നും സംസ്ഥാനം വിട്ട് പോകരുതെന്നും വിജയ് ബാബുവിനോട് കോടതി ആവശ്യപ്പെട്ടു. ഇരയെ ഒരു തരത്തിലും ബന്ധപ്പെടരുതെന്നും പാസ്‌പോര്‍ട്ട് കൈമാറണെന്നും ഉപാധിയുണ്ട്.

കേസുമായി ബന്ധപ്പെട്ട് പലതരത്തില്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വിരോധമാണ് ബലാത്സംഗ പരാതിക്ക് കാരണമെന്നും വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച വാട്‌സാപ്പ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളും നടന്‍ കോടതിയില്‍ സമര്‍പ്പിച്ചു.