ബസവരാജ ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെയെ തീരുമാനിച്ചു. ബസവരാജ് ബൊമ്മെയാകും യെദ്യൂരപ്പയുടെ പകരക്കാരന്‍. യെദ്യൂരപ്പ തന്നെയാണ് ബസവരാജ് ബൊമ്മെയുടെ പേര് നിര്‍ദേശിച്ചത്.പുതിയ മുഖ്യമന്ത്രിയായി നാളെ വൈകീട്ട് 3.20ന്​ സത്യപ്രതിജ്ഞ ചെയ്​ത് ബൊമ്മെ​ അധികാരമേറ്റെടുക്കും.

ജനതാദള്‍ യുണൈറ്റഡ് അംഗമായിരുന്ന ബസവരാജ് ബൊമ്മെ 2008 ഫെബ്രുവരിയിലാണ് ബിജെപിയില്‍ അംഗമാകുന്നത്. തുടര്‍ന്ന് ഹവേരി ജില്ലയിലെ ഷിഗാവോണ്‍ മണ്ഡലത്തില്‍ നി്ന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു.മുന്‍പ് സംസ്ഥാനത്തെ ആഭ്യന്തര, നിയമ പാര്‍ലമെന്ററികാര്യ മന്ത്രിയായും, ജല സഹകരണ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രിയായി രണ്ടു വര്‍ഷം തികച്ച തിങ്കളാഴ്ചയാണ് ബി.എസ്​. യെദിയൂരപ്പ രാജി പ്രഖ്യാപിച്ചത്. ബി.ജെ.പിക്കകത്തെ അധികാര വടംവലിയും അനധികൃത ഭൂമി ഇടപാട്​ കേസിലെ ആരോപണങ്ങളും കോവിഡ് അഴിമതിയുമാണ് യെദിയൂരപ്പ‍യുടെ രാജിയില്‍ കലാശിച്ചത്.