ബെവ്ക്യൂ ആപ്പ്, പ്ലേസ്റ്റോറിൽ ആപ്പിനെതിരെ വ്യാപക പരാതി

ലോക്ക്ഡൗൺ തുടരവെ മദ്യവില്‍പനക്കുള്ള വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യൂവിനെതിരെ വ്യാപക പരാതി. ആപ്പിൽ ഒടിപി ലഭിക്കാതെ വരുന്നെന്നാണ് ജനങ്ങളുടെ പ്രധാന പരാതി.

മിക്ക ഉപഭോക്താക്കൾക്കും സര്‍വീസ് ലഭിക്കുന്നില്ലെന്നാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ തന്നെ പരാതിപ്പെടുന്നത്. പ്ലേ സ്റ്റോറിൽ ആപ്പിനെതിരെ വ്യാപക പരാതിയാണ്. ഭൂരിഭാഗം പേരും ആപ്പിന് 1 സ്റ്റാർ ആണ് നൽകിയിരിക്കുന്നത്. ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തവർക്ക് ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും ആരോപണമുണ്ട്.

പ്രശ്‌നങ്ങള്‍ നാലു മണിക്കൂറിനുള്ളില്‍ പരിഹരിക്കുമെന്ന് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് പറയുന്നത്. കൂടുതല്‍ ഒടിപി സേവനദാതാക്കളെ കൊണ്ടുവരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും ഫെയര്‍കോഡ് അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഒടിപി ലഭ്യമാക്കുന്നതിന് ഒരു സേവനദാതാവ് മാത്രമാണുള്ളത്. അതുക്കൊണ്ടു തന്നെ ആപ്പിലെ തിരക്ക് കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. അതാണ് പേര് രജിസ്റ്റര്‍ ചെയതവര്‍ക്ക് ഒടിപി ലഭ്യമാകാത്തത്.

മൂന്നോ അതിലധികമോ സര്‍വീസ് പ്രൊവൈഡര്‍മാരെ ലഭ്യമാക്കാനുള്ള ശ്രമം നടന്നുവരുന്നുണ്ട്. ഇവരുടെ സേവനം ലഭ്യമായാല്‍ നാലു മണിക്കൂറിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഇന്നു വൈകീട്ടോടെ ഇതിന് തീരുമാനമാകും. നാളത്തേക്കുള്ള ബുക്കിങ് ഇന്ന് വൈകീട്ടോടെ ആരംഭിക്കുമെന്നും ഫെയര്‍കോഡ് അധികൃതര്‍ അറിയിച്ചു.