നാട്ടിലെത്താന്‍ ഭാവന മുത്തങ്ങയില്‍ എത്തി, സ്രവ സാംപിള്‍ എടുത്ത ശേഷം ക്വാറന്റീനിലേക്ക്

ബത്തേരി: മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി ബംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു. മുത്തങ്ങ അതിര്‍ത്തി വഴി നടി കേരളത്തില്‍ കടന്നു. അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലാണ് ഭാവന എത്തിയത്. അതിര്‍ത്തിയില്‍ നിന്നും സഹോദരനൊപ്പം നടി യാത്ര തുടരുക ആയിരുന്നു.

ചെകേ പോസ്റ്റിലെ പ്രാഥമിക വിവര ശേഖരണ പരിശോധനയ്ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തിയ നടി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി. ആരോഗ്യ പ്രവര്‍ത്തകര്‍ ശോഭനയുടെ ശ്രവ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

അതേസമയം നടിയുടെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടല്‍ ഫെസിലിറ്റേഷന്‍ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവര്‍ക്ക് എല്ലാം കൗതുകമായി. ചിലര്‍ സെല്‍ഫി പകര്‍ത്തി. സാമൂഹിക അകലം പാലിച്ചായിരുന്നു സെല്‍ഫി എടുത്തത്. തുടര്‍ന്ന് ഹോം ക്വാറന്റീനിലേക്ക് പോലീസ് അകമ്പടിയോടെ നടി യാത്രയായി.

കന്നട സിനിമ നിര്‍മ്മാതാവ് ആ നവീനിനെയാണ് ഭാവന വിവാഹം ചെയ്തിരിക്കുന്നത്. 2018 ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം ബംഗളൂരുവില്‍ നവീനിനൊപ്പം താമസിച്ച് വരികയാണ് ഭാവന. ഏറെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.

വിവാഹ ശേഷം അഭിനയത്തില്‍ നിന്നും നടി ചെറിയ ഇടവേള എടുത്തിരുന്നു. പിന്നീട് സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തു. തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. ഇന്‍സ്‌പെക്ടര്‍ വിക്രം, ഭജ്രംഗി 2, ഗോവിന്ദ ഗോവിന്ദ എന്നിവയാണ് ഭാവനയുടെ പുതിയ ചിത്രങ്ങള്‍. മലയാളത്തില്‍ പൃഥ്വി നായകനായ ആദം ജോണ്‍ ആയിരുന്നു ഭാവനയുടെ അവസാന ചിത്രം.