ഗുജറാത്തിൽ 12ന് ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ഗാന്ധിനഗർ. ബിജെപി ചരിത്ര വിജയം സ്വന്തമാക്കിയ ഗുജറാത്തിൽ ഡിസംബർ 12ന് ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. 12ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിട്ടുള്ളത്.

ഭൂപേന്ദ്ര പട്ടേൽ തന്നെയാണ് മുഖ്യമന്ത്രിയായി വീണ്ടും തുടരുകയെന്ന് ബിജെപി സ്സ്ഥാന അദ്ധ്യക്ഷൻ സി.ആർ പാട്ടീലാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. ഗുജറാത്തിലെ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തെ ബഹുമാനിക്കുന്നതായും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും പാട്ടീൽ പറയുകയുണ്ടായി. ബിജെപിയുടെ ഓരോ പൊതുപ്രവർത്തകനും ജനങ്ങളെ സേവിക്കാൻ സജ്ജരാണ്. ഗുജറാത്തിൽ വികസനത്തിന്റെ യാത്ര തുടരാൻ ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഈ വിജയമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.

ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 115 ഇടത്ത് ലീഡ് ഉയർത്തി 42 മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ചാണ് ഗുജറാത്തിൽ ബിജെപിയുടെ തേരോട്ടം. 182 സീറ്റുകളുള്ള സംസ്ഥാനത്തെ 157 മണ്ഡലങ്ങളിലും ഭരണകക്ഷി മേൽക്കൈ ഉറപ്പിക്കുമ്പോൾ വെറും 16 സീറ്റുകളിലാണ് കോൺഗ്രസിന്റെ ലീഡ്. ഇതിൽ മൂന്നിടത്ത് കോൺഗ്രസ് വിജയിച്ചിട്ടുണ്ട്. 77 സീറ്റുകളിൽ നിന്ന് 16ലേക്ക് ചുരുങ്ങുമ്പോഴും പരാജയത്തിന്റെ കാരണം പോലും വ്യക്തമാക്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല.

കോൺഗ്രസിന്റേതായിരുന്ന അഞ്ച് സീറ്റുകൾ കയ്യടക്കി എഎപി തങ്ങളുടെ വരവറിയിച്ചിരിക്കുകയാണ്. 5-7 എന്നിങ്ങനെയാണ് എഎപിയുടെ ലീഡ് നില മാറിമറയുന്നത്. വരുന്ന തിങ്കളാഴ്ച വീണ്ടും ബിജെപി സർക്കാർ അധികാരത്തി ലെത്തുമ്പോൾ ഗുജറാത്തിൽ ഏഴാം വരവിന്റെ തിളക്കത്തിലാവുകയാണ് ബിജെപി.