പട്ടാപ്പകൽ വീട്ടിൽ കയറി വൻ കവർച്ച, യുവാവിനെ കെട്ടിയിട്ട് 35 ലക്ഷം രൂപ തട്ടി മോഷണസംഘം

കൊല്ലം: പട്ടാപ്പകൽ വീട്ടിൽ കയറി യുവാവിനെ കെട്ടിയിട്ട് 35 ലക്ഷം രൂപ കവർന്നതായി പരാതി. അഞ്ചൽ കൈപ്പള്ളി സ്വദേശി സിബിൻഷായെ കെട്ടിയിട്ടാണ് നാൽവർസംഘം കവർച്ച നടത്തിയത്. വീട്ടിനുള്ളിൽ പണം ഉണ്ടെന്ന് അറിഞ്ഞു കൊണ്ട് നടത്തിയ കവർച്ചയാണിതെന്ന പ്രാഥമിക നിഗമനമനത്തിലാണ് പൊലീസ്. സിബിൻഷായുടെ പിതാവ് നസീർ പളളിയിൽ പോയ സമയത്താണ് കവർച്ച നടന്നത്.

കള്ളന്മാർ സിബിൻഷായെ കെട്ടിയിട്ടശേഷം മുളകുപൊടി വിതറി കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി അലമാരയിൽ സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ കവരുകയായിരുന്നു. പിതാവിൻ്റെ വ്യാപാരസ്ഥാപന വിൽപ്പനയുമായി ബന്ധപ്പെട്ട് കിട്ടിയ 35 ലക്ഷം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. സംഭവസമയം സിബിൻ ഷായും മാതാവും അയൽവാസിയായ മറ്റൊരു സ്ത്രീയും മാത്രമാണ് വീട്ടുണ്ടായിരുന്നത്.

മോഷ്ടാക്കൾ സിബിൻഷായുടെ ഇരുകൈകളിലും കത്തികൊണ്ട് വരഞ്ഞു മുറിവേൽപ്പിക്കുകയും ചെയ്തു. സ്ഥലത്ത് പുനലൂർ ഡിവൈഎസ് പി വിനോദിൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. വീട്ടുകാരുടെ വിശദമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.