മോശം സ്വഭാവത്തിന് ഉടമ; കമല്‍ ഹാസനെതിരെ ആരോപണവുമായി സുചിത്ര

ചെന്നൈ: നടന്‍ കമല്‍ ഹാസനെതിരെ ഗുരുതര ആരോപണവുമായി ഗായികയും ബിഗ്‌ബോസ് താരവുമായ സുചിത്ര. കമല്‍ അറപ്പ് ഉളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര പറഞ്ഞു. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു താരം കമല്‍ ഹാസനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ബിഗ് ബോസിലെ മത്സരാത്ഥിയായിരുന്ന സുചിത്ര പിന്നീട് ഷോയില്‍ നിന്നും പുറത്തായിരുന്നു. കമല്‍ ഹാസനായിരുന്നു തമിഴില്‍ ബിഗ്‌ബോസ് അവതരിപ്പിച്ചിരുന്നത്. ഷോയിലൂടെ കമല്‍ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രചാരണം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികള്‍ക്ക് അദ്ദേഹം ഖാദി വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കമല്‍ തനിക്ക് ഖാദി വസ്ത്രങ്ങള്‍ക്ക് പകരം സിന്തറ്റിക് വസ്ത്രങ്ങള്‍ നല്‍കി കബളിപ്പിക്കുകയായിരുന്നുവെന്നും സുചിത്ര ആരോപിക്കുന്നു.

കമലിനെ പരിഹസിച്ചു കൊണ്ട് ഒരു കവിതയും സുചിത്ര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. കമല്‍ ഒരു പാവകളിക്കാരനാണെന്നും മോശം സ്വഭാവത്തിന് ഉടമായണെന്നുമാണ് സുചിത്ര പറയുന്നത്. പോസ്റ്റ് പങ്കുവെച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സംഭവം വിവാദമായി. ഇതോടെ സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്തു.